കോളജ് ഗെയിംസിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിന് കിരീടം

കൊച്ചി: സംസ്ഥാന കോളജ് ഗെയിംസില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിന് കിരീടം. നിലവിലെ ചാമ്പ്യന്‍മാരായ കോതമംഗലം എം.എ കോളജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സെന്റ് ജോസഫിന്റെ ആദ്യ കിരീട നേട്ടം. കണ്ണൂര്‍ എസ്.എന്‍ കോളജ് മൂന്നാം സ്ഥാനം നേടി. പെണ്‍ ബോക്‌സിങില്‍ ചാമ്പ്യന്‍മാരായ സെന്റ് ജോസഫ്, ബാഡ്മിന്റണിലും റെസ്​ലിങിലും രണ്ടാം സ്ഥാനം നേടി ആകെ 11 പോയന്റുകള്‍ സ്വന്തമാക്കി. അത്‌ലറ്റിക്‌സിലെ അപ്രമാദിത്വമാണ് എം.എ കോളജിനെ റണ്ണേഴ്‌സ് അപ്പാക്കിയത്. ഇരുവിഭാഗത്തിലും ചാമ്പ്യന്‍മാരായ ടീം ഓവറോള്‍ പട്ടികയില്‍ 10 പോയന്റ് നേടി. മറ്റ് ഇനങ്ങളില്‍ എം.എ കോളജിന് മത്സരമുണ്ടായിരുന്നില്ല. 9 പോയന്റുള്ള എസ്.എന്‍ കോളജ് ആണ്‍ റെസ്​ലിങില്‍ ജേതാക്കളായപ്പോള്‍, പെണ്‍ റെസ്​ലിങില്‍ രണ്ടാം സ്ഥാനവും ഫുട്‌ബാളില്‍ മൂന്നാം സ്ഥാനവും നേടി. ഫാറൂഖ് കോളജിനെ പെനാൽട്ടിയില്‍ വീഴ്ത്തി മമ്പാട് എം.ഇ.എസിന് കോളജ് ഗെയിംസ് ഫുട്ബാള്‍ കിരീടം നേടി. പനമ്പിള്ളിനഗര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ നിശ്ചിതസമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ തുടര്‍ന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് എം.ഇ.എസ് ജയിച്ചത്. വോളിബാളില്‍ ആണ്‍ വിഭാഗത്തില്‍ പാലാ സെന്റ് തോമസ് കോളജും പെണ്‍ വിഭാഗത്തില്‍ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജും കിരീടമുയര്‍ത്തി. ബാസ്‌കറ്റ്‌ബാളില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിനാണ് പെണ്‍ കിരീടം. ആണ്‍വിഭാഗത്തില്‍ തൃശൂര്‍ ശ്രീകേരള വര്‍മ കോളജ് ജേതാക്കളായി. ബാഡ്മിന്റണ്‍ പെണ്‍ വിഭാഗത്തില്‍ തേവര എസ്.എച്ച് കോളജും ആണ്‍ വിഭാഗത്തില്‍ കോഴിക്കോട് ദേവഗിരി കോളജും ചാമ്പ്യന്‍മാരായി. വനിത റെസ്​ലിങില്‍ കോട്ടയം സി.എം.എസ് കോളജും ആണ്‍ ബോക്‌സിങില്‍ കുസാറ്റ് യൂനിവേഴ്‌സിറ്റിയും ജേതാക്കളായി. അന്‍വര്‍ സാദത്ത് എം.എല്‍.എ മെഡലുകള്‍ വിതരണം ചെയ്തു. വോളിബാളില്‍ പുരുഷ വിഭാഗത്തില്‍ പാലാ സെന്റ് തോമസ് കോളജും, വനിത വിഭാഗത്തില്‍ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജും കിരീടമുയര്‍ത്തി. പുരുഷ വിഭാഗം ഫൈനലില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിനെയാണ് പാലാ സെന്റ് തോമസ് മുട്ടുകുത്തിച്ചത്. ദേവഗിരി സെന്റ് ജോസഫ്‌സ് കോളജിനാണ് മൂന്നാം സ്ഥാനം. വനിത വിഭാഗം ഫൈനലില്‍ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജ് പാലാ അല്‍ഫോന്‍സ കോളജിനെയാണ് പരാജയപ്പെടുത്തിയത്. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജാണ് മൂന്നാമത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.