ഏയ്​ 'ഷെയർ ഇ-ഓട്ടോ' നഗരത്തിൽ വരും

കൊച്ചി: ഇലക്​ട്രിക്​ വണ്ടി വാങ്ങിയാൽ ചാർജ്​ ചെയ്യുന്നത്​ പണിയാകുമെന്ന്​ കരുതി മോഹം മാറ്റിവെക്കുന്നവർക്ക്​ സന്തോഷ വാർത്ത. നഗരത്തിൽ 'ഷെയർ ഇ-ഓട്ടോ' പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി 15 ഇടങ്ങളിൽ ചാർജിങ്​ സ്റ്റേഷനുകൾ സ്ഥാപിക്കാൻ നടപടി അന്തിമ ഘട്ടത്തിലാണ്​. മറ്റ്​ നഗരങ്ങളിലെതുപോലെ യാത്രക്കാർക്ക്​ കുറഞ്ഞ ചെലവിൽ ഷെയർ ചെയ്ത്​ ഓട്ടോ വിളിക്കാമെന്നതാണ്​ പദ്ധതി. ജർമൻ സഹകരണമായ ഗിസ്​ സമർപ്പിച്ച പദ്ധതി പ്രകാരമാണ്​ ഷെയർ ഇ-ഓട്ടോ നടപ്പാക്കുന്നത്​. ഇതിന്‍റെ ചാർജിങ്​ സ്റ്റേഷനുകളുടെ നടത്തിപ്പും അറ്റകുറ്റപ്പണിയും കെ.എസ്​.ഇ.ബിയെ ഏൽപിക്കുന്നത്​ അടുത്ത കൗൺസിൽ യോഗത്തിൽ പരിഗണിക്കും. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ട്​ ദിവസങ്ങളിലായി കോർപറേഷൻ, കെ.എസ്​.ഇ.ബി, ഗിസ്​ എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചാർജിങ്​ സ്റ്റേഷനുകളുടെ സൈറ്റ്​ പരിശോധന നടത്തിയിരുന്നു. തുടർന്ന്​ സ്റ്റേഷനുകളുടെ വൈദ്യുതി കണക്ഷനുവേണ്ടി കെ.എസ്​.ഇ.ബി ചീഫ്​ എൻജിനീയർക്ക്​ കത്തും നൽകി. ഇതിൽ അനുമതി നൽകി​ സാ​ങ്കേതികമായ വിവരണങ്ങളോടെ മറുപടിയും ലഭിച്ചു. പദ്ധതിക്കായി നഗരസഭയുടെ അഞ്ച്​ ഇടങ്ങളിലായി ഒന്നിൽ മൂന്നുവീതം ആകെ 15 ചാർജിങ്​ സ്റ്റേഷനാണ്​ വിഭാവനം ചെയ്തത്​. ഇവയുടെ നടത്തിപ്പും അറ്റകുറ്റപ്പണിയും​ കെ.എസ്​.ഇ.ബി വഹിക്കും. കോർപറേഷന്​ അധിക ബാധ്യതയില്ല. നിലവിൽ ജെനീസിസ്​ എൻജിനീയേഴ്​സ്​ ആൻഡ്​ കോൺട്രാക്​ടേഴ്​സ്​ എന്ന ഏജൻസി വഴി സംസ്ഥാനത്ത്​ 1140 പോസ്റ്റ്​ വഴി ഇ.വി ചാർജിങ്​ പോയന്‍റുകൾ സ്ഥാപിക്കാൻ​ കെ.എസ്​.ഇ.ബി ടെൻഡർ നടപടി സ്വീകരിച്ചിട്ടുണ്ട്​. 15 ഇ.വി ചാർജിങ്​ സ്റ്റേഷനുകൾ സ്ഥാപിക്കാൻ​ 5,17,902 രൂപയുടെ എസ്റ്റിമേറ്റാണ്​ കെ.എസ്​.ഇ.ബി മുന്നോട്ടുവെച്ചിട്ടുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.