കമ്പനി മാറ്റം കൂടി; ഐ.ടി മേഖലയിൽ അവസരങ്ങളുടെ കാലം

കൊച്ചി: ഐ.ടി മേഖലയിൽ മികച്ച ഓഫറുകൾതേടി കമ്പനിവിട്ടുള്ള ജോലിമാറ്റം റെക്കോഡിൽ എത്തിയതോടെ തൊഴിലന്വേഷകർക്ക് മുന്നിൽ മികച്ച അവസരങ്ങൾ. കോവിഡ് സാഹചര്യങ്ങളാണ് കഴിഞ്ഞ വർഷം തൊഴിൽ മാറ്റത്തിൽ കുറവുവരുത്തിയതെങ്കിൽ കോവിഡാനന്തര സാധ്യത ഈ വർഷം കമ്പനി മാറ്റം റെക്കോഡിൽ എത്തിച്ചു. ഐ.ടി പ്രഫഷനലുകളുടെ ജോലിമാറ്റ നിരക്ക് കഴിഞ്ഞപാദം 25 ശതമാനമാണെന്നാണ് പുറത്തുവന്ന കണക്കുകൾ. ടി.സി.എസ്, വിപ്രോ, ഇൻഫോസിസ് പോലുള്ള മുൻനിര കമ്പനികളിൽനിന്നുപോലും മികച്ച ഓഫറുകൾതേടി ജോലിയൊഴിഞ്ഞ് പോയവരേറെയാണ്. കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ ഇത്തരം കൊഴിഞ്ഞുപോക്ക് വളരെ താഴ്ന്നിരുന്നു. കോവിഡ്, കമ്പനികളുടെ ഉൽപാദനത്തിൽ കാര്യമായ കോട്ടം വരുത്തിയില്ലെന്നുമാത്രമല്ല മുൻനിര കമ്പനികൾ മികച്ച നേട്ടമുണ്ടാക്കി. ഇതോടെ നിരവധി പ്രോജക്​ടുകളാണ് ഇന്ത്യയിലെ ഐ.ടി കമ്പനികളെ തേടിയെത്തുന്നത്. നാല്, അഞ്ച് വർഷം പരിചയമുള്ള ജീവനക്കാർക്ക് മികച്ച ശമ്പളമാണ് വാഗ്ദാനം. ഇൻഫോസിസിലും വിപ്രോയിലുമെല്ലാം തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് 20 ശതമാനത്തിന് മുകളിലാണ്. വലിയരീതിയിൽ കാമ്പസ് റിക്രൂട്ട്മൻെറുകൾ നടത്തുന്ന ടി.സി.എസിനാണ് പ്രഫഷനലുകളെ പിടിച്ചുനിർത്താനായത്. തൊഴിൽമാറ്റം ഐ.ടി മേഖലയിലെ വലിയ തൊഴിൽസാധ്യത തുറക്കുകയാണ്. വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ ജോലി നോക്കേണ്ടിവരുന്ന പ്രഫഷനലുകൾക്ക് നാട്ടിൽത്തന്നെ നല്ല ശമ്പളത്തിൽ ജോലി ചെയ്യാനുള്ള സാഹചര്യം ഇതിലൂടെ ലഭിക്കുന്നു. കാമ്പസ് റിക്രൂട്ട്മൻെറുകൾ കൂടും എന്നതിനാൽ പുതുമുഖങ്ങൾക്ക് തൊഴിൽലഭ്യത വർധിക്കും. പരിചയസമ്പന്നർക്കാവട്ടെ, വലിയ ശമ്പള ഓഫറുകളും ലഭിക്കും. വാക്സിനേഷൻ പൂർത്തീകരിച്ചതോടെ കമ്പനികൾ ജീവനക്കാരെ തിരിച്ചു വിളിച്ചു തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽക്കൂടിയാണ് പുതിയ കമ്പനികളിലേക്കുള്ള കൂടുമാറ്റം നടക്കുന്നത്. -സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.