കീരേലിമലക്കാരെ പൊയിച്ചിറയിൽ പുനരധിവസിപ്പിച്ചേക്കും

കാക്കനാട്: മണ്ണിടിച്ചിൽഭീഷണി നേരിടുന്ന കീരേലിമല നിവാസികളെ കാക്കനാട് പൊയിച്ചിറയിൽ പുനരധിവസിപ്പിക്കാനൊരുങ്ങി റവന്യൂ വകുപ്പ്. ഹൈബി ഈഡൻ എം.പിയുടെയും കലക്ടർ ജാഫർ മാലിക്കി​ൻെറയും നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ ഇതുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. അതേസമയം പൊയിച്ചിറയിൽ സ്ഥലംനൽകുന്നത് സംബന്ധിച്ച് യോഗത്തിൽ വാർഡ് കൗൺസിലർ എതിർപ്പ് അറിയിച്ചു. നിർദിഷ്​ട സ്ഥലത്തിന് സമീപം കുടിവെള്ളപദ്ധതി ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് വാർഡ് കൗൺസിലർ ഹസീന ഉമ്മർ വിയോജിച്ചത്. കീരേലിമല കോളനിയോട് തൊട്ടടുത്തുതന്നെ ഇവരെ പുനരധിവസിപ്പിക്കാൻ ഉതകുന്ന പുറമ്പോക്ക് ഭൂമിയുണ്ട്. എന്നാൽ, ഈ സ്ഥലം വില്ലേജ് ഓഫിസർ മറച്ചു​െവച്ചാണ് പൊയിച്ചിറയിൽ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹസീന വ്യക്തമാക്കി. ഇക്കാര്യത്തിൽ ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് കാര്യത്തിൽ വ്യക്തത വരുത്താൻ യോഗത്തിൽ എം.പി കലക്ടർക്ക് നിർദേശം നൽകി. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സൻ അജിത തങ്കപ്പന്‍, ഡെപ്യൂട്ടി കലക്ടര്‍ കെ.ടി. സന്ധ്യാദേവി, കണയന്നൂര്‍ തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ്, വില്ലേജ് ഓഫിസർ സുനിൽകുമാർ, വിവിധ നഗരസഭ കൗൺസിലർമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. അതേസമയം മഴ കനത്തതോടെ മണ്ണിടിച്ചിൽ ഭീഷണി ഉയർന്ന സാഹചര്യത്തിൽ കീരേലിമലക്കാരെ കാക്കനാട് എം.എ.എച്ച്.എസ് സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. 10 കുടുംബങ്ങളിലായി 36 പേരെയാണ് മാറ്റിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.