കാലടി സർവകലാശാലയിൽ ബി.എ തോറ്റവർക്കും എം.എ പ്രവേശനം; ജയിപ്പിക്കാൻ പുനഃപരീക്ഷ

തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിൽ ബി.എ തോറ്റവർ എം.എക്ക്​ പഠിക്കുന്നതായി പരാതി. വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് വന്നാൽ കരാർ അധ്യാപക തസ്തികകൾ കുറയുകയും കരാർ അധ്യാപകരുടെ ജോലി നഷ്​ടപ്പെടുകയും ചെയ്യുന്നത്‌ ഒഴിവാക്കാനാണ് ബി.എ പാസാകാത്തവർക്ക് എം.എക്ക് പ്രവേശനം നൽകിയതെന്നാണ്​ സൂചന. ബിരുദ പരീക്ഷകളുടെ ഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്ക് എം.എക്ക് താൽക്കാലിക പ്രവേശനം നൽകാനും പ്രവേശന നടപടി പൂർത്തിയാകുന്ന മുറക്ക്​ ബിരുദപരീക്ഷ ജയിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് പ്രവേശനം നൽകിയത്. എന്നാൽ പ്രവേശനം ലഭിച്ച പല വിദ്യാർഥികളും ബി.എ പരീക്ഷ തോറ്റു. പരാജയപ്പെട്ടവർ ചട്ടപ്രകാരം അടുത്ത വർഷത്തെ സപ്ലിമൻെററി പരീക്ഷ എഴുതണമെന്നതാണ് വ്യവസ്ഥ. സെപ്​റ്റംബറിൽ ആരംഭിച്ച എം.എ ക്ലാസുകളിൽ തോറ്റ വിദ്യാർഥികളെയും പഠനം തുടരാൻ സർവകലാശാല അനുവദിച്ചു. തോറ്റവർക്ക് വേണ്ടി സർവകലാശാല ചട്ടങ്ങൾ മറികടന്ന് പ്രത്യേക പുനഃപരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്​. ചട്ട വിരുദ്ധമായി നടത്തുന്ന ഈ പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർഥികളെയും ജയിപ്പിച്ച്​ എം.എക്ക് തുടർന്ന്​ പഠിക്കാൻ അനുവദിക്കാനാണ് നീക്കം. തോറ്റ വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേക പുനഃപരീക്ഷ നടത്തുന്നത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പുനഃപരീക്ഷ റദ്ദാക്കണമെന്നും തോറ്റവർക്ക് തുടർപഠനം അനുവദിക്കരുതെന്നും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി സംസ്കൃത സർവകലാശാല വൈസ്ചാൻസലറോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.