കോർ കമ്മിറ്റിയിലും പിടിമുറുക്കി; എൻ.സി.പിയിൽ ചാക്കോയുഗം

കൊച്ചി: എൻ.സി.പിയിൽ സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ മേൽക്കൈ നേടുന്നുവെന്ന ആക്ഷേപത്തിൽ പാർട്ടിയിൽ ഭിന്നത രൂക്ഷം. ഏഴംഗ സംസ്ഥാന കോർ കമ്മിറ്റിയിൽനിന്ന് മൂന്നുപേരെ ഒഴിവാക്കി പുതിയ ആളുകളെ കയറ്റിയതാണ് ഒടുവിലെ സംഭവം. അഖിലേന്ത്യ സെക്രട്ടറി എൻ.എ. മുഹമ്മദ്കുട്ടി, ജോസ് മോൻ, അഡ്വ. രവികുമാർ എന്നിവരെയാണ് ഒഴിവാക്കിയത്. പകരം പി.എൻ. സുരേഷ് ബാബു, ലതിക സുഭാഷ്, രാജൻ മാസ്​റ്റർ എന്നിവരെ ഉൾപ്പെടുത്തി. മന്ത്രി എ.കെ. ശശീന്ദ്രൻ, പി.സി. ചാക്കോ, ടി.പി. പീതാംബരൻ മാസ്​റ്റർ, തോമസ് കെ. തോമസ് എന്നിവരാണ്​ കോർ കമ്മിറ്റിയിലെ മറ്റ്​ അംഗങ്ങൾ. ബോർഡ് ചെയർമാൻ സ്ഥാനങ്ങളടക്കം സുപ്രധാന കാര്യങ്ങൾ തീരുമാനിക്കുന്നത് കോർ കമ്മിറ്റിയാണ്. നിർണായക തീരുമാനങ്ങളെടുക്കുമ്പോൾ ചാക്കോ വിഭാഗത്തിന് ആധിപത്യം ലഭിക്കാനാണ് പുതിയ ആളുകളെ എടുത്തതെന്നാണ് ആക്ഷേപം. പുതിയ അംഗങ്ങളെ ചേർത്ത് കോർ കമ്മിറ്റി യോഗം ചേർന്നു. അപ്പോഴാണ് പുറത്താക്കപ്പെട്ടവർ പോലും തങ്ങളെ ഒഴിവാക്കിയ കാര്യം അറിയുന്നതെന്നും ആക്ഷേപമുണ്ട്. വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ തഴയുന്നുവെന്നും കോൺഗ്രസിൽ നിന്നെത്തിയവർക്ക് അമിത പരിഗണന ലഭിക്കുന്നെന്നുമുള്ള പരാതി വ്യാപകമാണ്​. പാർട്ടിക്ക് ലഭിച്ച പി.എസ്.സി അംഗത്വത്തിലേക്ക് പ്രതിനിധിയെ നിർദേശിക്കുന്ന കാര്യവും ഇനിയും തീരുമാനമായിട്ടില്ല. വനം വകുപ്പിലും പാർട്ടി നേതൃത്വം അനാവശ്യമായി കൈകടത്തുകയാണെന്നും ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.