ലക്ഷദ്വീപ് ഡെവലപ്മെന്‍റ്​ കോർപറേഷന്‍റെ കപ്പലുകൾ ഷിപ്പിങ് കോർപറേഷനിലേക്ക്

കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം നിലനിൽക്കെ, ലക്ഷദ്വീപിലെ കപ്പലുകളുടെ നടത്തിപ്പ് ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യക്ക്​ കൈമാറി ഭരണകൂടം. ലക്ഷദ്വീപ് ഡെവലപ്മെന്‍റ്​കോർപറേഷൻ ലിമിറ്റഡിന് കീഴിലായിരുന്ന കപ്പൽ സർവിസാണ് മാറ്റിയിരിക്കുന്നത്. ആദ്യഘട്ടമായി മിനി ഓയിൽ ടാങ്കർ കപ്പൽ തിലാകം കൈമാറ്റം ചെയ്തു. വരുംദിവസങ്ങളിൽ യാത്രക്കപ്പലുകളടക്കം കൈമാറും. ലക്ഷദ്വീപിലെ വലിയൊരു വിഭാഗം ജനം തൊഴിൽ ചെയ്യുന്ന മേഖലയാണ് കപ്പൽ സർവിസ്. ഇത് ഷിപ്പിങ് കോർപറേഷനിലേക്ക് മാറ്റുമ്പോൾ ഇവരുടെ ജോലി സുരക്ഷിതത്വം സംബന്ധിച്ച​ വ്യക്തത ലഭിച്ചിട്ടില്ല. കപ്പലുകൾ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലും ഷിപ്പിങ് കോർപറേഷൻ അധികൃതരും ധാരണപത്രത്തിൽ ഒപ്പിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കപ്പലുകളുടെ നടത്തിപ്പും അറ്റകുറ്റപ്പണിയുമടക്കമുള്ള ചുമതലകൾ ഷിപ്പിങ് കോർപറേഷനായിരിക്കും. കപ്പൽ യാത്ര കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിനാണ്​ ഇതെന്ന്​ അധികൃതർ വിശദീകരിക്കുന്നു. മുമ്പ്​ ലക്ഷദ്വീപ് ഡെവലപ്മെന്‍റ്​ കോർപറേഷന്​ നൽകിയിരുന്ന ഫണ്ട് വെട്ടിക്കുറച്ചിരുന്നു. ഇതോടെ കപ്പലുകളുടെ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു. കപ്പലുകൾ ഷിപ്പിങ് കോർപറേഷന് കൈമാറുന്നതിന്‍റെ ഭാഗമായിരുന്നു നടപടിയെന്നാണ് ദ്വീപിലെ ജനപ്രതിനിധികളുടെ വിമർശനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.