കെ-റെയിൽ: ജനങ്ങളെ വിഡ്ഢികളാക്കുന്നു -അലോക് കുമാർ വർമ

കൊച്ചി: ബ്രോഡ്ഗേജിൽ അതിവേഗ ട്രെയിനുകൾ ഓടിക്കാൻ കഴിയില്ലെന്നും ലോകമെമ്പാടും അതിവേഗ ട്രെയിനുകൾ സ്റ്റാൻഡേർഡ് ഗേജിലാണ് ഓടുന്നതെന്നും പറഞ്ഞ് കെ-റെയിൽ അധികാരികൾ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ഇന്ത്യൻ റെയിൽവേ മുൻ ചീഫ് എൻജിനീയർ അലോക് കുമാർ വർമ. സംസ്ഥാന കെ-റെയിൽ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്റ്റാൻഡേർഡ് ഗേജ് ബ്രോഡ്ഗേജിനെക്കാൾ മെച്ചമാണെന്ന ഏതെങ്കിലും ഒരുപഠനമോ റിപ്പോർട്ടോ കാണിക്കാൻ അദ്ദേഹം കെ-റെയിൽ അധികാരികളെ വെല്ലുവിളിച്ചു. സ്റ്റാൻഡേർഡ് ഗേജിനുവേണ്ടി കെ.ആർ.ഡി.സി.എൽ എം.ഡി അജിത് കുമാർ, ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ്​ കോഡിന് വിരുദ്ധമായി വാദിക്കുന്നത് ചില കേന്ദ്രങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. സിൽവർ ലൈൻ അടിച്ചേൽപിക്കുന്നതിനെതിരെ ജനങ്ങളുടെ വർധിച്ച തോതിലെ ചെറുത്തുനിൽപ് ഭരണാധികാരികളുടെയും റെയിൽവേ ബോർഡിന്റെയും കണ്ണുതുറപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ്​ എം.പി. ബാബുരാജ് മോഡറേറ്ററായി. സെമിനാറിൽ സമിതി ജനറൽ കൺവീനർ എസ്. രാജീവൻ, രക്ഷാധികാരി എം.ടി. തോമസ്, സംസ്ഥാനസമിതി അംഗം കെ.എസ്. ഹരികുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.