കാണാതായ കണ്ണൂർ സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കൊച്ചി / ഉരുവച്ചാൽ(കണ്ണൂർ): കാണാതായ കണ്ണൂർ സ്വദേശിയായ യുവാവിന്‍റെ മൃതദേഹം എറണാകുളം നഗരത്തിൽ കണ്ടെത്തി. കോട്ടയത്തുനിന്ന് കാണാതായ കണ്ണൂർ ഉരുവച്ചാൽ -ശിവപുരം പടുപാറ പള്ളിക്ക് സമീപം സുബൈദ മൻസിൽ പി.എം. മൊയ്തുവിന്റെ മകൻ അസറുദ്ദീനെയാണ് (23) എറണാകുളത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ടോടെ മറൈൻഡ്രൈവ് സി.എം.എഫ്.ആർ.ഐക്ക് സമീപമുള്ള കോർപറേഷൻ കെട്ടിടത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ചന്തക്കവലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു അസറുദ്ദീൻ. കഴിഞ്ഞ 19ന് ഉച്ചക്ക് ശേഷമാണ് അസറുദ്ദീനെ കാണാതായത്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്നുമാണ് അസറുദ്ദീൻ എറണാകുളത്തേക്ക് തിരിച്ചതെന്നാണ് വിവരം. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ജോലി ആവശ്യത്തിനായി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് യുവാവിനെ കാണാതാവുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ പിൻതുടർന്ന പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ എറണാകുളം ഭാഗത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു. സെൻട്രൽ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പി.എം. റംലയാണ് മാതാവ്. സഹോദരങ്ങൾ: സഹദ്, ഫള്​ലു, മനാഫ്, റാഹില. ബന്ധുക്കൾ എറണാകുളത്തെത്തിയിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോട്ടോ ക്യാപ്ഷൻ EKD Asarudheen 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.