നഗരസഭ ബജറ്റ് പ്രഹസനം -പ്രതിപക്ഷം 

ആലുവ: നഗരസഭ കൗൺസിലിൽ അവതരിപ്പിച്ച 2022-23 ലേക്കുള്ള വാർഷിക ബജറ്റ് ആവർത്തന വിരസമാണെന്ന് ഇടതുപക്ഷ കൗൺസിലർമാർ ആരോപിച്ചു. ആലുവ ജനറൽ മാർക്കറ്റിന്‍റെ നിർമാണം ഏഴുവർഷമായി ബജറ്റിലെ സ്ഥിരം വാഗ്ദാനമാണ്. കഴിഞ്ഞ കൗൺസിൽ കാലയളവിൽ ഏഴു കോടി ചെലവിൽ പൂർത്തിയാക്കുന്നതിന് കരാർ നൽകിയിരുന്നു. ഈ ബജറ്റിൽ സ്ഥപതി അസോസിയേറ്റ്സ് എന്ന സ്ഥാപനത്തെ 25 കോടി ചെലവിൽ നിർമാണം ഏൽപിക്കുകയാണ്. ഇതിനുള്ള തുക കണ്ടെത്തുന്നതിന് ഒരു മാർഗവും നിർദേശിക്കുന്നില്ല. ജനങ്ങളെയും വ്യാപാരികളെയും കബളിപ്പിക്കുന്ന പ്രഖ്യാപനം മാത്രമാണിത്. നഗരത്തിന്‍റെ ശാപമായ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് സമഗ്രമായ ഒരുപദ്ധതിയും അവതരിപ്പിക്കുന്നതിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പെരിയാർ മലിന്യമുക്തമാക്കുമെന്ന പ്രഖ്യാപനം ആവർത്തിക്കുന്നു. നഗരത്തിൽ കുന്നുകൂടുന്ന മാലിന്യം നീക്കം ചെയ്യാനോ സംസ്കരിക്കാനോ പ്രാവർത്തികമായ ഒന്നും ബജറ്റിൽ ഇല്ല. നഗരത്തിലെ ഓരോ വാർഡിലും നടപ്പാക്കേണ്ടുന്ന പ്രവൃത്തിപോലും രേഖപ്പെടുത്തിയില്ല. സംസ്ഥാന സർക്കാർ പദ്ധതികളായ ലൈഫ് മിഷൻ, സിറ്റി ഗ്യാസ് ലൈൻ എന്നിവ നഗരസഭയുടെ അനാസ്ഥ മൂലം നീണ്ടുപോകുന്നതായും കൗൺസിലർമാർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.