ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഇന്ധന കപ്പൽ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും

കൊച്ചി: ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ തദ്ദേശീയ ഇലക്ട്രിക് കപ്പൽ കൊച്ചി കപ്പൽശാലയിൽ നിർമിക്കാന്‍ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയം. ഗ്രീന്‍ ഷിപ്പിങ്ങിലേക്കുള്ള രാജ്യത്തിന്റെ പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതാണ് പദ്ധതിയെന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാൾ വ്യക്തമാക്കി. ഗ്ലോബല്‍ മാരിടൈം ഗ്രീന്‍ ട്രാന്‍സിഷനുകള്‍ക്ക് അനുസൃതമായാണ് കപ്പലുകൾ രൂപകല്‍പന ചെയ്യുക. ഗ്രീന്‍ എനര്‍ജിയിലേക്കും ചെലവ് കുറഞ്ഞ ബദല്‍ ഇന്ധനങ്ങളിലേക്കും ചുവടുമാറ്റാനുള്ള രാജ്യത്തിന്റെ നൂതന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ പങ്കാളികളുമായി സഹകരിച്ചായിരിക്കും കൊച്ചിന്‍ ഷിപ്​യാര്‍ഡ് ലിമിറ്റഡ് പദ്ധതി നടപ്പാക്കുക. അടിസ്ഥാനജോലി ആരംഭിച്ചു. ഇതിന്​ കൊച്ചി കപ്പൽശാല കെ.പി.ഐ.ടി ടെക്‌നോളജീസ് ലിമിറ്റഡുമായും ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ മേഖലകളിലെ ഇന്ത്യയിലെ ഡെവലപ്പര്‍മാരുമായും ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിങ്ങുമായും സഹകരിച്ചായിരിക്കും അത്തരം കപ്പലുകള്‍ക്കുള്ള നിയമങ്ങളും വ്യവസ്ഥകളും വികസിപ്പിക്കുക. ലോ ടെമ്പറേച്ചര്‍ പ്രോട്ടോണ്‍ എക്‌സ്‌ചേഞ്ച് മെം​​​ബ്രയിന്‍ ടെക്‌നോളജി (എൽ.ടി.പി.ഇ.എം) അടിസ്ഥാനമാക്കിയുള്ള ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വെസലുകള്‍ അറിയപ്പെടുന്നത് ഇലക്ട്രിക് വെസല്‍ എന്ന പേരിലാണ്. 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന വെസലിന് ഏകദേശം 17.50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 75 ശതമാനം കേന്ദ്രസർക്കാർ നല്‍കും. ഗതാഗതത്തിനും സാധനസാമഗ്രികള്‍ കൈകാര്യം ചെയ്യാനും വിവിധതരം എമര്‍ജന്‍സി ബാക്ക്​അപ് പവര്‍ ആപ്ലിക്കേഷനുകളിലുമടക്കം ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉപയോഗിക്കാം. ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്യുവല്‍ സെല്ലുകള്‍, ഹെവി ഡ്യൂട്ടി ബസ്, ട്രക്ക്, ട്രെയിന്‍ ആപ്ലിക്കേഷനുകളില്‍ ഇതിനകം പ്രയോഗിച്ച കാര്യക്ഷമമായ സീറോ എമിഷനുള്ള പരിസ്ഥിതി സൗഹൃദപരമായ ഊര്‍ജസ്രോതസ്സാണ്. ഇപ്പോഴാണ് അവ മറൈന്‍ ആപ്ലിക്കേഷനുകള്‍ക്ക്​ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. 2030 ഓടെ അന്താരാഷ്ട്ര ഷിപ്പിങ്ങിന്റെ കാര്‍ബണ്‍ തീവ്രത 40 ശതമാനവും 2050 ഓടെ 70 ശതമാനവുമായി കുറക്കാന്‍ ഇന്റര്‍നാഷനല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുറമുഖ, ഷിപ്പിങ് സഹമന്ത്രി ശാന്തനു താക്കൂര്‍, മന്ത്രാലയ സെക്രട്ടറി ഡോ. സഞ്ജീവ് രഞ്ജന്‍, നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്, ദി എനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ഡോ. വിഭാ ധവന്‍, ഇന്റര്‍നാഷനല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ് ആൻഡ് പ്രോജക്ട്‌സ് മേധാവി ജോസ് മത്തേക്കല്‍, ഇന്നവേഷന്‍ നോര്‍വേ ഇന്ത്യ കണ്‍ട്രി ഡയറക്ടറും നോര്‍വീജിയന്‍ എംബസിയിലെ കമേഴ്‌സ്യല്‍ കൗണ്‍സിലറുമായ ക്രിസ്റ്റ്യന്‍ വാല്‍ഡെസ് കാര്‍ട്ടര്‍ എന്നിവർ സംസാരിച്ചു. കൊച്ചി കപ്പൽശാല സി.എം.ഡി മധു എസ്. നായര്‍ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.