ആലുവ: ചരിത്രങ്ങൾ ഉറങ്ങുന്ന പെരിയാർ തീരത്ത് സൗഹൃദ ഈദ്ഗാഹിന് അദ്വൈതാശ്രമം മൈതാനം ഒരുങ്ങുന്നു. ആലുവ മസ്ജിദ് അൽ അൻസാറിൻെറ ആഭിമുഖ്യത്തിലെ സെൻട്രൽ ഈദ്ഗാഹ് കമ്മിറ്റിയാണ് ആശ്രമത്തോട് ചേർന്ന് ഈദ്ഗാഹ് സംഘടിപ്പിക്കുന്നത്. ആശ്രമത്തിൻെറ സഹകരണത്തോടെ അദ്വൈതാശ്രമത്തിന് എതിർവശത്തെ ശിവഗിരി വിദ്യാനികേതന്‍ സ്കൂള്‍ ഗ്രൗണ്ടിലാണ് ഈദ്ഗാഹ് ഒരുക്കുന്നത്. ശ്രീനാരായണ ഗുരുവിൻെറ നേതൃത്വത്തിൽ ഏഷ്യയിലെ ആദ്യ സർവമത സമ്മേളനത്തിന് വേദിയായ അദ്വൈതാശ്രമത്തിൽ ഈദ്ഗാഹ് മറ്റൊരു ചരിത്രംകൂടി കുറിച്ചിടും. അടുത്തവർഷം സർവമത സമ്മേളനത്തിൻെറ ശതാബ്ദി ആഘോഷിക്കാനിരിക്കെയാണ് ഈദ്ഗാഹ് നടക്കുന്നത്. ജാതിയുടെയും മതത്തിൻെറയും പേരിലുള്ള വിദ്വേഷങ്ങൾ സമൂഹത്തെ അലോസരപ്പെടുത്തുന്നതിനിടെയാണ് അദ്വൈതാശ്രമത്തിൻെറയും മസ്ജിദ് അൽ അൻസാറിൻെറയും സഹകരണത്തോടെ സൗഹാർദത്തിൻെറയും സ്നേഹത്തിൻെറയും വേറിട്ട മാതൃക ഒരുക്കുന്നത്. പെരുന്നാൾ ദിവസം രാവിലെ എട്ടിനാണ് നമസ്കാരം നടക്കുക. മസ്ജിദ് അൽ അൻസാർ ചീഫ് ഇമാം ടി.കെ. അബ്ദുൽ സലാം മൗലവി നേതൃത്വം നൽകും. വിവിധ മത, സാംസ്കാരിക സംഘടനകളുടെയും ആത്മീയ കേന്ദ്രങ്ങളുടെയും പ്രതിനിധികൾ നമസ്കാരം വീക്ഷിക്കാനെത്തും. തുടർന്ന് സുഹൃദ്സംഗമം നടക്കും. ഏതാനും വർഷങ്ങളായി സാമൂഹികസേവന രംഗത്ത് ആശ്രമവും മസ്ജിദും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. ചില ക്രൈസ്തവ ദേവാലയങ്ങളും അതിൽ പങ്ക് ചേരാറുമുണ്ട്. സമാധാനത്തിൻെറയും സൗഹാർദത്തിൻെറയും അന്തരീക്ഷം വളർത്താനുള്ള സന്ദേശമെന്ന നിലയിലാണ് ആശ്രമസ്ഥലത്ത് ഈദ്ഗാഹിന് സൗകര്യം ഒരുക്കുന്നതെന്ന് സെക്രട്ടറി സ്വാമി ധർമചൈതന്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.