പെരിയാറിൽനിന്ന്​ ജലമെടുക്കാനുള്ള കിൻഫ്ര പദ്ധതി ദോഷകരമെന്ന്​ പഠന റിപ്പോർട്ട്

കൊച്ചി: കിൻഫ്രയുടെ നേതൃത്വത്തിൽ കാക്കനാട്ടുള്ള വ്യവസായങ്ങൾക്ക് വ്യാപാരാടിസ്ഥാനത്തിൽ പെരിയാറിൽനിന്ന് വെള്ളം പമ്പു ചെയ്യാനുള്ള പദ്ധതി ദോഷകരമെന്ന്​ പഠന റിപ്പോർട്ട്. ആലുവ പരിസ്ഥിതി സംരക്ഷണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിദഗ്​ധ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഗ്ലോബൽ ഇൻവെസ്റ്റേഴ്​സ്​ മീറ്റിൽ (ജിം) അവതരിപ്പിച്ച സ്വകാര്യ വ്യവസായ ജലവിതരണ പദ്ധതി പുതിയ രൂപത്തിൽ അവതരിപ്പിക്കുകയാണ് കിൻഫ്ര. പെരിയാറിന്റെ ആലുവയിലെ ശുചീകരണ പ്ലാന്റിന് മുകൾ ഭാഗത്തുനിന്ന് വൻ പമ്പ് ഉപയോഗിച്ച് ഒരു മീറ്ററോളം വ്യാസമുള്ള പൈപ്പിലൂടെ ദിനംപ്രതി 45000000 ലിറ്റർ (45 എം.എൽ.ഡി) വെള്ളം പമ്പ് ചെയ്യാനുള്ള പദ്ധതി ആത്മഹത്യാപരമാണ്. ജലം കിൻഫ്രാ പമ്പ് ചെയ്യാൻ തുടങ്ങിയാൽ വേനൽ കാലത്തെ ആലുവ താലൂക്കിലെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ നിലനിൽപ്പ് അപകടത്തിലാവും. ഇത്​ നിലവിലെ കുടിവെള്ള വിതരണത്തെ ബാധിക്കും. പെരിയാറിന്റെ ആലുവയിലെ തോട്ടുംമുഖം ഭാഗത്താണ് കിണർ കുഴിച്ച്​ പമ്പ് സ്ഥാപിക്കുന്നത്. വേനലിൽ പെരിയാറിലെ ഒഴുക്കിന്റെ ശരിയായ കണക്കെടുത്തല്ല ജലം എടുക്കാൻ തീരുമാനിച്ചത്. വേനലിലെ പമ്പിങ് വരുത്തി​​വെക്കാവുന്ന പ്രശ്നങ്ങൾ പഠിച്ചില്ല. പെരിയാറിലെ നിലവിലെ വ്യവസായശാലകളിൽനിന്നും പുറംതള്ളുന്ന വിഷമയമായ മാലിന്യങ്ങൾ നേർപ്പിക്കുവാൻ വേനൽകാലത്ത്​ വേണ്ട ജലത്തിന്റെ കണക്കെടുത്തില്ല. ജലം നൽകാൻ ഉദ്ദേശിക്കുന്ന വ്യവസായ ശാലകളുള്ള കാക്കനാടിന്​ സമീപമുള്ള കടമ്പ്രയാർ, ചിത്രപുഴയാർ, മൂവാറ്റുപുഴയാർ എന്നിവയിലെ വേനൽകാല നീരൊഴുക്കോ ജല ലഭ്യതയോ പഠിച്ചിട്ടില്ല. ഈ ജലസ്രോതസ്സുകളിൽ ആവശ്യത്തിന് ജലം ഉണ്ടെന്നിരിക്കെ ദൂരെ പെരിയാറിൽനിന്നും ജലം പമ്പ് ചെയ്യാൻ പോകുന്നത് അശാസ്ത്രീയമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സി.എം. ജോയി സമുദ്ര ശാസ്ത്രജ്ഞൻ ഡോ.ജോമോൻ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഠനറിപ്പോർട്ട് തയാറാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.