വാഹനങ്ങൾ വാടകക്കെടുത്ത്​ തട്ടിപ്പ്​ നടത്തുന്ന സംഘത്തിലെ മൂന്നുപേർ റിമാൻഡിൽ

ചെങ്ങന്നൂർ: നവമാധ്യമങ്ങളിലെ പരസ്യങ്ങൾ നോക്കി വാഹനങ്ങള്‍ വാടകക്കെടുത്ത്​ തട്ടിപ്പ്​ നടത്തുന്ന മൂന്നംഗസംഘം റിമാൻഡിൽ. പാലക്കാട് ആലത്തൂര്‍ കാട്ടുശ്ശേരി പൊട്ടിമട വീട്ടില്‍ അനൂപ് കുമാര്‍ (32), ആലപ്പുഴ മണ്ണഞ്ചേരി ആര്യാട് വാടകക്ക്​ താമസിക്കുന്ന കോമളപുരം അവലൂക്കുന്ന് വെളിയില്‍ വീട്ടില്‍ അജിത് (28), കോയമ്പത്തൂര്‍ തെലുങ്കുപാളയം പി.എന്‍. പുത്തൂര്‍ ആര്‍.എസ് പുരം ജഗദീഷ് നഗറില്‍ നടരാജ് (32) എന്നിവരാണ് പിടിയിലായത്. ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ. ജോസിന്‍റെ നേതൃത്വത്തിൽ രൂപവത്​കരിച്ച പ്രത്യേക അന്വേഷണസംഘം ആലപ്പുഴ, കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ അറസ്​റ്റ്​ ചെയ്തത്. പുലിയൂര്‍ കുളിക്കാംപാലം ചെറുകര തെക്കേതില്‍ രതീഷി​ന്‍റെ മാരുതി ബലേനോ, ചെങ്ങന്നൂര്‍ കാഞ്ഞിരത്തുംമൂട് ശിവദാസ് ഭവനില്‍ രതീഷിന്‍റെ മാരുതി സ്വിഫ്റ്റ് എന്നീ വാഹനങ്ങള്‍ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. വാഹനങ്ങള്‍ വാടകക്കായി സൈറ്റിൽ നല്‍കുന്ന പരസ്യം കണ്ടാണ് ഇവര്‍ ഉടമകളെ സമീപിക്കുന്നത്. ജനുവരി 22നാണ് രതീഷിന്‍റെ വാഹനം ആലപ്പുഴ സ്വദേശി അരുണ്‍, പ്രതികളായ അനൂപ്, അജിത് എന്നിവര്‍ ചേര്‍ന്ന് 5000 രൂപ അഡ്വാന്‍സ് നല്‍കി വീട്ടില്‍നിന്ന്​ കൊണ്ടുപോയത്. 1000 രൂപയാണ്​ ദിവസ വാടക നിശ്ചയിച്ചിരുന്നത്. വാടക കുടിശ്ശികയെ തുടര്‍ന്ന് വാഹനം ചോദിച്ചപ്പോള്‍ കിട്ടാതായതോടെയാണ് ചെങ്ങന്നൂർ പൊലീസിൽ പരാതി നല്‍കിയത്. ഇതില്‍ അരുണിനെപ്പറ്റിയുള്ള വിവരങ്ങൾ കിട്ടാനുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചാണ് വാഹനങ്ങൾ കൊണ്ടുപോയത്. ഒന്നാംപ്രതി അനൂപിനെ ബംഗളൂരുവിൽനിന്നാണ് പിടികൂടിയത്. ഇയാളുടെ പേരിൽ തൊടുപുഴ, പാലക്കാട്, കൊടുവള്ളി, ആലത്തൂർ, ചിറ്റൂർ എന്നീ പൊലീസ് സ്റ്റേഷനിലും തമിഴ്നാട് ആനമല സ്റ്റേഷനിലും തട്ടിപ്പുകേസുകളുണ്ട്. രണ്ടാംപ്രതി അജിത്തും ഏതാനും കേസുകളിൽ പ്രതിയാണ്​. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.