​കൊച്ചി നഗരത്തിലെ അംഗീകൃത ബങ്കുകൾ 250 മാത്രമെന്ന്​ അമിക്കസ്​ക്യൂറി

കൊച്ചി: നഗരത്തിൽ അംഗീകാരമുള്ള ബങ്കുകൾ 250 മാത്രം. വഴിയോരക്കച്ചവടവുമായി ബന്ധപ്പെട്ട്​ ഹൈകോടതി പരിഗണിക്കുന്ന ഹരജിയിൽ കൊച്ചി നഗരസഭ അംഗീകാരം നൽകിയ ബങ്കുകൾ ഇത്രമാത്രമാണുള്ളതെന്ന്​ അമിക്കസ്​ക്യൂറി അറിയിച്ചു. വിവിധ ക്ഷേമപദ്ധതികളിലുൾപ്പെടുത്തി അനുമതി നൽകിയ ബങ്കുകളുടെ എണ്ണവും വിവരങ്ങളും നൽകണമെന്ന ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുടെ നിർദേശപ്രകാരമാണ് ​ഈ കണക്ക്​ സമർപ്പിച്ചത്​. നടപ്പാതകളും റോഡുകളും കൈയേറി അനധികൃതമായി സ്ഥാപിച്ച ബങ്കുകളും കിയോസ്‌കുകളും നീക്കംചെയ്യാൻ നടപടിയെടുക്കുന്നതിന്​ മുന്നോടിയായാണ്​ കോടതി കണക്ക്​ ആവശ്യപ്പെട്ടത്​. വഴിയോരക്കച്ചവടം നടത്താൻ നഗരസഭ നൽകുന്ന ലൈസൻസ് ഇനിയും കൈപ്പറ്റാത്തവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന്​ കോടതി നഗരസഭക്ക്​ നിർദേശം നൽകി. ലൈസൻസില്ലാതെ കച്ചവടം നടത്തുന്നവർക്കെതിരെയും ലൈസൻസ് പ്രദർശിപ്പിക്കാത്തവർക്കെതിരെയും കർശന നടപടിയെടുക്കാൻ മോണിട്ടറിങ്​ കമ്മിറ്റിയോടും നിർദേശിച്ചു. 3520 പേരെയാണ്​ നഗരസഭ പുനരധിവാസയോഗ്യരെന്ന്​ കണ്ടെത്തിയതെന്ന്​ അമിക്കസ്​ക്യൂറി നൽകിയ റിപ്പോർട്ടിൽ പറയുന്നു. ലൈസൻസിന് 2506 പേർ രേഖകൾ ഹാജരാക്കി. ഇതുവരെ 1792 പേർക്ക്​ ലൈസൻസ്​ ലഭിച്ചു. ലൈസൻസിന് രേഖകൾ നൽകാത്തവർ 1014ഉം ഇതുവരെ ലൈസൻസ്​ കൈപ്പറ്റാത്തവർ 454ഉം ആണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.