ഹജ്ജ്​: 377 പേരുമായി ആദ്യ വിമാനം ഇന്ന്​ പറന്നുയരും

നെടുമ്പാശ്ശേരി: കോവിഡ്​ മൂലം തടസ്സപ്പെട്ട രണ്ട്​ വർഷത്തിന്​ ശേഷമുള്ള ഇന്ത്യയിൽനിന്നുള്ള ആദ്യ ഹജ്ജ്​ സംഘം ശനിയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന്​ യാത്ര തിരിക്കും. 377 പേരെയും വഹിച്ചുള്ള സൗദി ​എയർലൈൻസിന്റെ എസ്.വി 5747 നമ്പർ വിമാനം ശനിയാഴ്ച രാവിലെ 8.30ന് നെടുമ്പാശ്ശേരിയിൽനിന്ന്​ മദീനയിലേക്ക് പുറപ്പെടും. കേരളത്തിൽനിന്ന്​ 5274 പേർക്കാണ്​ ഹജ്ജിന്​ അവസരമുള്ളത്​. ജൂൺ 16 വരെ 20 വിമാനങ്ങളിലായി ഇവർ യാത്ര തിരിക്കും. തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ്, അന്തമാൻ തുടങ്ങിയ സ്ഥലങ്ങളിലെ 1966 പേരും നെടുമ്പാശ്ശേരി വഴിയാണ് യാത്രയാവുന്നത്. ആദ്യ വിമാനത്തിന്റെ ഫ്ലാഗ് ഓഫ് ശനിയാഴ്ച രാവിലെ 8.30 സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. ഹജ്ജ് ഒരുക്കം സംബന്ധിച്ച വാർത്തസമ്മേളനത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. മൊയ്തീൻ കുട്ടി, മീഡിയ സമിതി ചെയർമാൻ പി.പി. മുഹമ്മദ് റാഫി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഡോ. ഐ.പി. അബ്ദുസ്സലാം, സഫർ കയാൽ, ഉമർ ഫൈസി മുക്കം, മുഹമ്മദ് ഖാസിം കോയ, പി.ടി. അക്ബർ മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അസി.​ സെക്രട്ടറി എൻ. മുഹമ്മദലി, മീഡിയ സമിതി കൺവീനർ ഷബീർ മണക്കാടൻ എന്നിവർ പങ്കെടുത്തു. കോവിഡ്​: മൂന്ന്​ പേർക്ക്​ യാത്ര മുടങ്ങി നെടുമ്പാശ്ശേരി: ശനിയാഴ്ച ആദ്യ വിമാനത്തിൽ ഹജ്ജിന് പോകാനെത്തിയ മൂന്ന് പേർക്ക് യാത്ര തടസ്സപ്പെട്ടു. ആർ.ടി.പി.സി.ആർ പരിശോധനയിൽ കോവിഡ്​ പോസിറ്റിവായതിനെ തുടർന്നാണ്‌ യാത്ര തടസ്സപ്പെട്ടത്. ഇവരെ അവരുടെ വീടുകളിലേക്ക് ക്വാറന്‍റീനിലിരിക്കാൻ നിർദേശിച്ച് തിരിച്ചയച്ചു. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും പരിശോധിക്കുമ്പോൾ നെഗറ്റിവായാൽ തീർഥാടന അനുമതി നൽകും. ശനിയാഴ്ച ഇവർക്ക്​ പകരമായി മറ്റ് മൂന്ന് പേർക്ക് യാത്രാനുമതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.