മലയാറ്റൂർ: ആറാട്ടുകടവില്‍ കാട്ടാനകളിറങ്ങി നാശംവിതച്ചു. പെരിയാറിന് സമീപം ആറാട്ടുകടവ് ശ്രീദുര്‍ഗാദേവീ ക്ഷേത്രത്തോട് ചേര്‍ന്ന പറമ്പില്‍ വ്യാഴാഴ്ച പുലര്‍ച്ചയാണ് എട്ടോളം വരുന്ന കാട്ടാനക്കൂട്ടം എത്തി ചുറ്റുമതില്‍ നശിപ്പിച്ചത്.
കിണറിന്റെ കൈവരികളും പത്തോളം തെങ്ങും വാഴയും നശിപ്പിച്ചു. ഉത്സവത്തിന് വച്ചിരുന്ന സൗണ്ട് സിസ്റ്റവും സ്റ്റേജും തകർത്തു. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞത്. അന്നദാനം നടത്തിയ ശേഷം വരുന്ന ശര്‍ക്കരയും തേങ്ങയും മറ്റ് അവശിഷ്ടങ്ങളും വനപ്രദേശത്ത് തളളിയിരുന്നതായി പരിസരവാസികള്‍ പറഞ്ഞു.
പുഴക്ക് അക്കരെ കാട്ടാനക്കൂട്ടം തമ്പടിക്കാറുളള സ്ഥലമാണ്. കഴിഞ്ഞ ദിവസം മുളങ്കുഴിയില്‍ കിണറ്റില്‍ വീണ കുട്ടിയാന ഉള്‍പ്പെടെയുളള സംഘം ഈ ഭാഗങ്ങളില്‍ ചുറ്റിത്തിരിയുന്നുണ്ട്. വ്യാഴാഴ്ച രാവിലെ 11.30ന് ഇല്ലിത്തോട് ചെക്ക്പോസ്റ്റിന് സമീപം ഒന്നാം ബ്ലോക്കില്‍ കുട്ടിയാനയുടെ നേതൃത്വത്തിലുളള സംഘം റോഡില്‍ ഇറങ്ങിയത് പരിഭ്രാന്തി പരത്തിയിരുന്നു.
ഇക്കോടൂറിസം മേഖലയായ മുളംങ്കുഴിയിലേക്കുളള പ്രധാന റോഡാണിത്. രണ്ട് ഇരുചക്ര വാഹനങ്ങള്‍ കഷ്ടിച്ചാണ് ആനക്കൂട്ടത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെട്ടത്. ആനക്കൂട്ടത്തെ നിയന്ത്രിക്കാൻ സംവിധാനമേര്പ്പെടുത്തിയില്ലെങ്കില് കാലടി ഫോറസ്റ്റ് റേഞ്ച് ഓഫിസറെ ഉപരോധിക്കുമെന്ന് വിവിധ സംഘടനകള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.