ആലുവ: പാർട്ടിക്കകത്തെ പ്രശ്നങ്ങളുടെ പേരിൽ സി.പി.എം ലോക്കൽ സെക്രട്ടറിയും പാർട്ടി അംഗവും തമ്മിൽ പരസ്യമായി പോരടിച്ചു. കീഴ്മാട് പഞ്ചായത്ത് കവലയിലാണ് നിരവധിയാളുകളുടെ സാന്നിധ്യത്തിൽ ഇരുവരും പരസ്യമായി കലഹിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ പഞ്ചായത്ത് കവലയിലെ ചായക്കടക്ക് സമീപമാണ് സംഭവം. കുന്നുംപുറം ബ്രാഞ്ച് കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമായയാൾ ചായക്കടയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ സ്ഥലത്തെത്തിയ ലോക്കൽ സെക്രട്ടറി ക്ഷേമാന്വേഷണം നടത്തി. മണൽകടത്തുമായി ബന്ധപ്പെട്ട് പൊലീസ് കേസിൽപ്പെട്ട പാർട്ടി അംഗത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ലോക്കൽ കമ്മിറ്റി തീരുമാനമെടുത്ത് ഏരിയാ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. രണ്ട് മാസം പിന്നിട്ടെങ്കിലും ഇത് സംബന്ധിച്ച് ഏരിയാ കമ്മിറ്റി തീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ പാർട്ടി അംഗം എൽ.സി സെക്രട്ടറിയോട് പ്രകോപനപരമായി മറുപടി നൽകി.
ഇതേതുടർന്നുണ്ടായ തർക്കം ആളുകൾ കൂടുന്ന അവസ്ഥയിലെത്തി. ഇരുവരും പരസ്പരം അസഭ്യം പറയുകയും ചെയ്തു. മണൽക്കേസിൽ എൽ.സി സെക്രട്ടറിയാണ് തന്നെ കുടുക്കിയതെന്നാണ് പാർട്ടിയംഗത്തിെൻറ ആക്ഷേപം.
ഇരുവരും പരാതിയുമായി പൊലീസിനെ സമീപിക്കാൻ ഒരുങ്ങിയെങ്കിലും മുതിർന്ന നേതാക്കൾ ഇടപ്പെട്ട് ഇരുവരെയും പിന്തിരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.