ആലുവ: യു.ഡി.എഫ് ശക്തികേന്ദ്രമായ ആലുവയിൽ തുടക്കം മുതൽ ലീഡ് നിലനിർത്തി സിറ്റിങ് എം.എൽ.എയും യു.ഡി.എഫ് സ്ഥാനാർഥിയുമായ അൻവർ സാദത്ത്. എന്നാൽ, അവസാന റൗണ്ടിൽ ഇടതുസ്ഥാനാർഥി ഷെൽന നിഷാദിന് ഭൂരിപക്ഷം ലഭിച്ചു. വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണിയപ്പോൾ 14ൽ 13റൗണ്ടിലും അദ്ദേഹമായിരുന്നു മുന്നിൽ.
നെടുമ്പാശ്ശേരി പഞ്ചായത്തിെൻറ വിവിധ ബൂത്തുകൾ ഉൾപ്പെട്ടതാണ് ഒന്നാമത്തെ റൗണ്ട്. ഇതിൽ അൻവർ സാദത്തിന് 862 വോട്ടിെൻറ ലീഡ് ലഭിച്ചു. രണ്ടാമത്തെ റൗണ്ടിൽ നെടുമ്പാശ്ശേരി, ശ്രീമൂലനഗരം പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. ഇവിടെ 1147 വോട്ടിെൻറ ലീഡ് നേടാൻ കഴിഞ്ഞു. മൂന്നാമത്തേത് ശ്രീമൂലനഗരം. ഇതിൽ 1709 വോട്ടിെൻറ ഭൂരിപക്ഷം നേടാനായി. നാലാമത് കാഞ്ഞൂർ, ചെങ്ങമനാട് പഞ്ചായത്തുകളിൽ 2190 വോട്ടാണ് ലീഡ് ലഭിച്ചത്. ചെങ്ങമനാട് പഞ്ചായത്തിലെ ചില ബൂത്തുകൾ ഉൾപ്പെടുന്ന അഞ്ചാം റൗണ്ടിൽ 1112 വോട്ടിെൻറ ലീഡുണ്ടായി.
ചെങ്ങമനാട് പഞ്ചായത്തിലെയും ആലുവ നഗരസഭയിലെയും വിവിധ ബൂത്തുകൾ ഉൾപ്പെടുന്ന ആറാം റൗണ്ട് വോട്ടെണ്ണിയപ്പോൾ അൻവർ സാദത്തിന് 1254 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചു. ഏഴാം റൗണ്ടിൽ ആലുവ നഗരസഭയിലെ ബൂത്തുകളിലായി 1823 വോട്ടും എട്ടാം റൗണ്ടിൽ കീഴ്മാട് പഞ്ചായത്തിൽ 1803 വോട്ടും ഭൂരിപക്ഷം ലഭിച്ചു. ഒമ്പതാമത്തെ റൗണ്ടിൽ കീഴ്മാട്, ചൂർണിക്കര പഞ്ചായത്തുകൾ എണ്ണിയപ്പോൾ 885 വോട്ട് ഭൂരിപക്ഷം നേടി. ചൂർണിക്കരയിലെ മറ്റ് ബൂത്തുകൾ ഉൾപ്പെടുന്ന പത്താം റൗണ്ടിൽ 1820 വോട്ട്, ചൂർണിക്കര, എടത്തല പഞ്ചായത്തുകളിലെ 11ാം റൗണ്ടിൽ 1531 വോട്ട് എന്നിങ്ങനെയായി ഭൂരിപക്ഷം. 12, 13 റൗണ്ടുകളിൽ എടത്തല പഞ്ചായത്തിൽ ആദ്യ രണ്ട് റൗണ്ടുകളിൽ 1155, 1099 എന്നിങ്ങനെയാണ് അൻവർ സാദത്തിന് ഭൂരിപക്ഷം ലഭിച്ചത്. 14ാം റൗണ്ടിൽ മാത്രമാണ് എൽ.ഡി.എഫിലെ ഷെൽന നിഷാദിന് 156 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചത്. പോസ്റ്റൽ വോട്ടുകളിൽ 428 എണ്ണവും സാദത്തിന് ലഭിച്ചു.
ആലുവ: യു.ഡി.എഫിനെ നിലനിർത്തിയത് സ്ഥാനാർഥി അൻവർ സാദത്തിെൻറ എം.എൽ.എ എന്ന നിലയിലുള്ള ജനകീയ പ്രവർത്തനങ്ങൾ. അദ്ദേഹം മുന്നോട്ടുെവച്ച 'വികസനവും കരുതലും' എന്ന ആശയം വിജയത്തിന് വഴിയൊരുക്കി.
പത്ത് വർഷമായി എം.എൽ.എയെന്ന നിലയിൽ കുട്ടികൾക്ക് പോലും സുപരിചിതനാകുന്ന വിധത്തിൽ അദ്ദേഹം പ്രവർത്തിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ നാട്ടുകാർക്ക് കൈത്താങ്ങായി നിലകൊണ്ടു. പ്രളയ ദുരന്ത നാളുകളിൽ മണ്ഡലത്തിലുടനീളം രക്ഷാ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. പ്രളയാനന്തരം തകർന്ന ആലുവയെ കരകയറ്റാൻ 'ഒപ്പമുണ്ട് ആലുവ' എന്ന പേരിൽ വിവിധ പദ്ധതികൾ നടപ്പാക്കി.
കോവിഡ് മഹാമാരി കാലത്തും ക്ഷേമ പ്രവർത്തനങ്ങൾ തുടർന്നു. ലക്ഷകണക്കിന് രൂപയുടെ മരുന്നുകളാണ് ലോക് ഡൗൺ കാലഘട്ടത്തിൽ രോഗികൾക്ക് വീടുകളിൽ എത്തിച്ചുനൽകിയത്. അമ്മക്കിളി കൂട് പദ്ധതി പ്രകാരം അമ്പത് വിധവകൾക്ക് സ്വന്തമായി വീട് നൽകി. മണ്ഡലത്തിൽ വികസന പ്രവർത്തിക്കായി 610 കോടി രൂപയാണ് കഴിഞ്ഞ അഞ്ചുവർഷങ്ങൾക്കിടയിൽ അനുവദിച്ചത്.
ആലുവ: വോട്ടെണ്ണലിൽ എല്ലാ ഘട്ടത്തിലും ആധിപത്യം നിലനിർത്തിയ അൻവർ സാദത്ത് സ്വന്തം ബൂത്തിലും മുഖ്യ എതിരാളിയുടെ ബൂത്തിലും ലീഡ് നിലനിർത്തി. എന്നാൽ, സ്വന്തം ബൂത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനായിരുന്നു ഇടത് സ്ഥാനാർഥി ഷെൽന നിഷാദിെൻറ വിധി. സ്വന്തം ബൂത്തായ ചെങ്ങമനാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന 64, 64 എ എന്നിവിടങ്ങളിലായി സാദത്ത് 529 വോട്ടാണ് നേടിയത്. ഇവിടെ എൽ.ഡി.എഫ് 296 വോട്ടാണ് നേടിയത്.
ഷെൽന നിഷാദിെൻറ ബൂത്തായ നഗരസഭയിലെ 86ൽ 93 വോട്ടിെൻറ ഭൂരിപക്ഷമാണ് സാദത്തിന് ലഭിച്ചത്. ഇവിടെ കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ് വിജയിച്ചത്. ഇവിടെ സാദത്തിന് 210 വോട്ട് ലഭിച്ചു.ബി.ജെ.പി സ്ഥാനാർഥി എം.എൻ. ഗോപി 164 വോട്ടുനേടി രണ്ടാമതായപ്പോൾ ഷെൽന 117 വോട്ടുമാത്രമാണ് നേടിയത്.
മൂന്ന് പതിറ്റാണ്ടോളം കോൺഗ്രസ് എം.എൽ.എയായിരുന്നു കെ. മുഹമ്മദാലിയുടെ മരുമകളാണ് ഷെൽന നിഷാദ്. ഷെൽനയെ പിന്തുണച്ച് യു.ഡി.എഫിനെതിരെ പരസ്യമായി രംഗത്തിറങ്ങിയ മുഹമ്മദാലിക്ക് സ്വന്തം ബൂത്തിൽപോലും സ്വാധീനം ചെലുത്താൻ കഴിയാതിരുന്നത് തിരിച്ചടിയായി.
അദ്ദേഹത്തിെൻറ കുടുംബ വോട്ടുകൾ ധാരാളമുള്ള കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം ഭാഗത്തെ 107, 107 എ നമ്പർ ബൂത്തുകളിലും യു.ഡി.എഫ് മുന്നേറ്റമാണുണ്ടായത്. ഇവിടെ രണ്ട് ബൂത്തിലുമായി സാദത്തിന് 551 വോട്ട് ലഭിച്ചു. എൽ.ഡി.എഫിന് 410 വോട്ടുമാത്രമാണ് നേടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.