ആലുവ: ആലുവക്കാരുടെ ജീവിതം ഗതാഗതക്കുരുക്കിൽ നട്ടം തിരിയാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ദേശീയപാതയിലെ മാർത്താണ്ഡവർമ പാലമാണ് നാട്ടുകാരുടെയും ദേശീയപാതയിലെയടക്കം യാത്രക്കാരുടെയും ദുരിതത്തിന് കാരണം. പരിഹാരം കാണാൻ അധികൃതർ തയാറാകാത്തതിനാൽ ദുരിതം നിത്യവും കൂടിവരുകയാണ്.
ആലുവ നഗരാതിർത്തിയിലെ ദേശീയപാതയുടെയും അനുബന്ധ പാലങ്ങളുടെയും വികസനത്തിൽ ദേശീയപാത അധികൃതർ ഒരു താൽപര്യവും കാണിക്കുന്നില്ലെന്നാണ് ആക്ഷേപം. റോഡുകളിലെയും പാലങ്ങളിലെയും അസൗകര്യമാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. വർഷങ്ങളായി ദേശീയപാതയിലും സമീപ റോഡുകളിലും ഏതുസമയവും ഗതാഗതതടസ്സമുണ്ട്.
വീതിക്കുറവ് അടക്കമുള്ള പ്രശ്നങ്ങൾ മൂലം ഇരുപാലത്തിലും പൊതുവിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. മാർത്താണ്ഡവർമ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. രാജഭരണകാലത്ത് നിർമിച്ച മാർത്താണ്ഡവർമ പാലത്തിന് നിലവിൽ 82 വയസ്സുണ്ട്. കാലപ്പഴക്കം മൂലം ദ്രവിച്ച് കമ്പികൾ പുറത്തുവന്ന നിലയിലായ പാലം, സമാന്തര പാലം പൂർത്തിയാകുമ്പോൾ പൊളിച്ച് പുതിയത് പണിയാനും തീരുമാനമുണ്ടായിരുന്നു. എന്നാൽ, ഈ നീക്കവും അധികൃതർ അട്ടിമറിച്ചു. മംഗലപ്പുഴ പാലത്തിലെ തകരാറുകൾമൂലം ഈ ഭാഗത്തും പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. റോഡ് വികസനം നിലച്ചതും ദുരിതമായി തോട്ടക്കാട്ടുകരക്കും പറവൂർകവലക്കും ഇടയിൽ വികസനം നിലച്ചതാണ് ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് മറ്റൊരു കാരണം. രണ്ട് പതിറ്റാണ്ടോളമായി ഇവിടെ വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുത്തിട്ട്.
എന്നാൽ, തുടർനടപടിയുണ്ടായില്ല. ഇതിനാൽതന്നെ ഈ ഭാഗത്തുനിന്ന് വാഹനങ്ങൾ കടന്നുപോകാൻ ഏറെ സമയമെടുക്കുന്നുണ്ട്. നഗരസഭ ഇടപെട്ട് കുറച്ചുവർഷംമുമ്പ് തോട്ടക്കാട്ടുകര ഭാഗത്ത് റോഡിന് വീതികൂട്ടുകയും സർവിസ് റോഡിനുള്ള ഭാഗം തിരിച്ചിടുകയും ചെയ്തിരുന്നു. എന്നാൽ, ഈ ഭാഗത്തുപോലും സർവിസ് റോഡിന്റെ പണി പൂർത്തിയാക്കാൻ ദേശീയപാത അധികൃതർ തയാറായില്ല.
ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. പുളിഞ്ചോട് കവലക്കും ബൈപാസ് കവലക്കും ഇടയിൽ വർഷങ്ങൾക്കുമുമ്പ് മേൽപാലം നിർമിച്ചിരുന്നു. എന്നാൽ, രണ്ട് സിഗ്നലുകൾക്കിടയിൽ നിർമിച്ച പാലം കൊണ്ട് ഒരു ഉപകാരവുമില്ല. ബൈപാസ് കവലയിൽ പാലം വന്നിറങ്ങുന്നതിന് തൊട്ടടുത്തായാണ് മാർത്താണ്ഡവർമ പാലവും. അതിനാൽതന്നെ മേൽപാലത്തിലും എപ്പോഴും കുരുക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.