ചെങ്ങമനാട്: അത്താണി-പറവൂർ റോഡിലെ തിരക്കേറിയ ചെങ്ങമനാട് കവലയിലെ ഗതാഗതക്കുരുക്കിന് ഇനിയും പരിഹാരമില്ല. മിനിറ്റുകൾ ഇടവിട്ടാണിപ്പോൾ ഗതാഗതക്കുരുക്ക്. ചുമട്ടുതൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും വ്യാപാരികളും മറ്റും ചേർന്നാണ് കുരുക്കൊഴിവാക്കാൻ പണിയെടുക്കുന്നത്.
യാത്രക്കാരുടെയും വാഹനങ്ങളുടെയും എണ്ണത്തിന് അനുസൃതമായി റോഡ് വികസിപ്പിക്കാത്തതാണ് കവലയിലെ പ്രധാന പ്രശ്നം. ഗ്രാമപഞ്ചായത്തിന്റെ തലസ്ഥാന പ്രദേശമാണിവിടം. കുപ്പിക്കഴുത്തായ ചെങ്ങമനാട് നാൽക്കവലയിൽ അരനൂറ്റാണ്ടിനുള്ളിൽ ഒരു വികസനവും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. ചെങ്ങമനാട്ടുനിന്ന് തടിക്കക്കടവ്, വെളിയത്തുനാട്, എം.ഇ.എസ് കോളജുകൾ, ചാലാക്കൽ മെഡിക്കൽ കോളജ്, കുന്നുകര, കുത്തിയതോട്, പറവൂർ, അത്താണി, കുറുമശ്ശേരി, കണക്കൻകടവ്, എളവൂർ, മാള, അങ്കമാലി, പൊലീസ് സ്റ്റേഷൻ, പനയക്കടവ്, പുതുവാശ്ശേരി, പറമ്പയം, തലക്കൊള്ളി, ദേശം കുന്നുംപുറം തുടങ്ങിയ പ്രദേശങ്ങളിലേക്ക് നിത്യവും അനേകം വാഹനങ്ങൾ വരുകയും പോവുകയും ചെയ്യുന്നു. ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായാൽ എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്തെത്താനും വാഹനങ്ങൾ ചെങ്ങമനാട്ടേക്കൊഴുകും. വികസനത്തിന് കീറാമുട്ടിയായി നിലകൊള്ളുന്ന അരനൂറ്റാണ്ട് മുമ്പുള്ള കെട്ടിടങ്ങൾ പൊളിച്ച് മാറ്റാനാകാത്തതാണ് ചെങ്ങമനാട് കവലയുടെ വികസനം സ്വപ്നമായി അവശേഷിക്കാൻ കാരണം. വികസനത്തിന് പല പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും അവയൊന്നും നടപ്പായില്ല.
തടസ്സം ഫണ്ടില്ലാത്തത് -എം.എൽ.എ
ചെങ്ങമനാട്: കവലയുടെ വികസനത്തിന് സർക്കാർ പ്രഖ്യാപിച്ച ഫണ്ട് ലഭ്യമാകാത്തതാണ് തടസ്സമെന്ന് അൻവർ സാദത്ത് എം.എൽ.എ. സർക്കാറിൽ സമ്മർദം ചെലുത്തിയതിനെത്തുടർന്ന് കഴിഞ്ഞ ബജറ്റിൽ 100 രൂപ ടോക്കൺ മാത്രമാണ് അനുവദിച്ചത്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി പ്രശ്നം ചർച്ച ചെയ്യുകയും കരട് പദ്ധതി തയാറാക്കാൻ നിർദേശിക്കുകയുമായിരുന്നു. അപ്രകാരം ചെങ്ങമനാട് കവലയിൽനിന്ന് വിവിധ വശങ്ങളിലേക്ക് 75 മീറ്റർ വരെ 19.8 മീറ്റർ വീതി കൂട്ടാൻ രൂപരേഖയുണ്ടാക്കി. പദ്ധതിക്കായി ഏകദേശം ഒരേക്കർ സ്ഥലം ഏറ്റെടുക്കേണ്ടിവരും. വിഭാവനം ചെയ്ത രീതിയിൽ രണ്ടുവരിയിൽ റോഡും മീഡിയനും ഫുട്പാത്തും യാഥാർഥ്യമായാൽ ചെങ്ങമനാട് കവലയിലെ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ശാശ്വത പരിഹാരമാകും. പദ്ധതി നടപ്പാക്കാനാവശ്യമായ ഫണ്ട് അനുവദിക്കാൻ വീണ്ടും ആവശ്യപ്പെടുമെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.