ആലുവ: അദ്വൈതാശ്രമം ജീവനക്കാരന് നേരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. ഞായറാഴ്ച ഉച്ചയോടെയാണ് അദ്വൈതാശ്രമത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ സുരേഷിന് നേരെ തമിഴ്നാട് സ്വദേശി കത്തിവീശിയത്. ആക്രിസാധനങ്ങൾ നിറച്ച ഉന്തുവണ്ടിയുമായി അദ്വൈതാശ്രമത്തിലേക്ക് പ്രവേശിക്കാനെത്തിയ തമിഴ്നാട് സ്വദേശിയെ ആശ്രമ കവാടത്തിൽ സുരേഷ് തടഞ്ഞു.
ഇതോടെ ‘മുഖ്യമന്ത്രി എന്റെ സ്വന്തം ആൾ’ എന്ന് ആക്രോശിച്ച ശേഷം ഇയാൾ കത്തി വീശുകയായിരുന്നു എന്നും ഓടിമാറിയതിനാൽ കുത്തേറ്റില്ലെന്നും സുരേഷ് പറയുന്നു. ഉടൻ ആശ്രമം ഓഫിസിലെത്തി സുരേഷ് ആലുവ പൊലീസിനെ വിവരം അറിയിച്ചു. ഇതിനിടെ ഇയാൾ വണ്ടിയുമായി കടന്നുകളഞ്ഞു.
അര മണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും ആക്ഷേപമുണ്ട്. പിന്നീട്, പൊലീസ് പ്രതിയെ പിടികൂടിയെങ്കിലും കത്തി വാങ്ങി കളഞ്ഞശേഷം വിട്ടയച്ചതായി അന്വേഷണത്തിൽ വ്യക്തമായെന്ന് ആശ്രമം അധികൃതർ പറഞ്ഞു. ഇയാൾക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ ചൈതന്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.