ആലുവ: 42 ദിവസത്തിനിടയിൽ മൂന്ന് ഡോസ് വാക്സിനെടുത്ത് പ്രവാസി. ഖത്തറിൽ ജോലി ചെയ്യുന്ന എടത്തല സ്വദേശി പുതുക്കോട് വീട്ടിൽ ഷബീർ അഹമ്മദാണ് ഇന്ത്യയിലും വിദേശത്തുമായി വാക്സിനെടുത്തത്. മാസങ്ങളായി കാത്തിരുന്നിട്ടും ആദ്യ ഡോസ് പോലും ലഭിക്കാത്ത നിരവധിയാളുകൾക്കിടയിലാണ് ഷബീറിന് ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചത്.
കേരളത്തിൽ 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിച്ച സമയത്ത് ഷബീർ നാട്ടിലുണ്ടായിരുന്നു. ഉടനെ രാജഗിരി ആശുപത്രിയിൽനിന്ന് കോവിഷീൽഡ് വാക്സിനെടുത്തു. ഇതു കഴിഞ്ഞ് അധിക ദിവസമാകും മുമ്പ് അദ്ദേഹത്തിന് ഖത്തറിലേക്ക് പോകേണ്ടി വന്നു. അവിടെനിന്ന് എപ്പോൾ തിരിച്ചുവരാൻ പറ്റുമെന്ന് അറിയാതിരുന്നതിനാലും നാട്ടിൽ രണ്ടാം ഘട്ട വാക്സിൻ വിതരണം വൈകുമെന്നതിനാലും ഖത്തറിൽ വാക്സിനായി രജിസ്റ്റർ ചെയ്തു.
അവിടെ ഫയ്സർ വാക്സിനായതിനാൽ അത് രണ്ട് ഡോസ് എടുക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. കോവി ഷീൽഡ് എടുത്ത് 21 ദിവസം കഴിഞ്ഞപ്പോൾ ആദ്യ ഡോസ് ഫെയ്സർ ലഭിച്ചു. കൃത്യം 21 ദിവസം കഴിഞ്ഞപ്പോൾ തന്നെ അടുത്ത ഡോസും ലഭിച്ചതായും ഷെബീർ പറഞ്ഞു.
ഈ മാസം 16നാണ് രണ്ടാം ഡോസ് എടുത്തത്. ഇതിനിടയിൽ അദ്ദേഹത്തിന് 19 ന് നാട്ടിലേക്ക് പോരാനും സാധിച്ചു. നാട്ടിലേക്ക് പോരുന്നതിനായും ഇവിടെ വിമാനത്താവളത്തിൽ എത്തിയ ശേഷവും ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിരുന്നു. രണ്ടിലും നെഗറ്റീവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.