വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

ആലുവ: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 ), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിയ്ക്ക് സമീപം പീടിക പറമ്പിൽ വീട്ടിൽ ജ്യോതിഷ് (36), പൈപ്പ് ലൈൻ റോഡിൽ മേയ്ക്കാട് വീട്ടിൽ രഞ്ജിത്ത് (36), മാധവപുരം കോളനി ഭാഗത്ത് മെൽബിൻ (43) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എൻ പുരം ഭാഗത്ത് ജിതിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്.

ഞായറാഴ്ച വൈകിട്ട് വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം വീടിന്റെ വാതിൽ വെട്ടി പൊളിക്കാൻ ശ്രമിച്ചു. ജനൽച്ചില്ലുകൾ തല്ലി തകർത്തു. നാല് ഇരു ചക്ര വാഹനങ്ങൾക്ക് കേടു വരുത്തി. വധ ഭീഷണി മുഴക്കുകയും ചെയ്തു. രാജേഷിന് ജിതിന്റെ അനുജനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. രാജേഷ്, ജ്യോതിഷ്, രഞ്ജിത്ത് എന്നിവർ നിരവധി കേസുകളിലെ പ്രതികളും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരുമാണ്.

ഡിവൈ.എസ്.പി എ. പ്രസാദ്, ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ്, എസ്.ഐമാരായ എസ്.എസ്. ശ്രീലാൽ, കെ. നന്ദകുമാർ, സി.പി.ഒമാരായ ടി.എ. അഫ്സൽ, കെ.എം. ഷാനിഫ്, കെ.കെ. രാജേഷ്, പി.എ. മുനീർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, അൻവർ സാദത്ത് എം.എൽ.എ, എം.പിമാരായ ജെബി മേത്തർ, ബെന്നി ബഹനാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് എന്നിവർ ആക്രമണം നടന്ന വീട് സന്ദർശിച്ചു. ചൂർണിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി എസ്.എൻ പുരം ജങ്ഷനിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.പി. നാസർ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - four arrested for trespassing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.