ആലുവ: മേഖലയിൽ കുറുനരിയും മലമ്പാമ്പും ഭീഷണിയാകുന്നു. ഗ്രാമങ്ങളിലെ പാടശേഖരങ്ങളിലും പറമ്പുകളിലുമാണ് കുറുനരി കൂട്ടങ്ങളും മലമ്പാമ്പുകളും തമ്പടിക്കുന്നത്. വീടുകളിൽ വളർത്തുന്ന ആടുകൾ, കോഴികൾ, താറാവുകൾ തുടങ്ങിയവയെ ഇവ ആക്രമിക്കുന്നതും തിന്നുന്നതും പതിവായി.
കഴിഞ്ഞ ദിവസം താറാവുകളെ കുറുനരിക്കൂട്ടം കൊന്നൊടുക്കി. പടിഞ്ഞാറെ കടുങ്ങല്ലൂർ വെള്ളൂക്കുഴി നസീർ എന്ന കർഷകന്റെ 30ലധികം താറാവുകളെയാണ് കുറക്കന്മാർ കൊന്നത്. ക്ഷീര കർഷകനായ നസീറിന്റെ വരുമാർഗങ്ങളിലൊന്നാണ് നഷ്ടപ്പെട്ടത്.
നാളുകളായി ഒന്തല, തുരുത്ത് ഭാഗങ്ങളിൽ കുറുനരിയുടെയും മലമ്പാമ്പിന്റെയും ശല്യം രൂക്ഷമാണ്. അടുത്ത കാലത്തായി അഞ്ചോളം മലമ്പാമ്പുകളെയാണ് ഇവിടുത്തകാർ പിടികൂടി വനംവകുപ്പിന് കൈമാറിയത്. മുമ്പ് മരപ്പട്ടിയെ പിടിക്കാൻ നസീർ ഒരുക്കിയ കെണിയിൽ കുറുനരി കുടുങ്ങിയ സംഭവവും ഉണ്ടായി. വനപാലകരെത്തി കുറുനരിയെ കൊണ്ടുപോയിരുന്നു. താറാവ് നഷ്ടപ്പെട്ട കർഷകന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും വന്യജീവികളുടെ ആക്രമണത്തിൽനിന്ന് മനുഷ്യരെയും വളർത്തുമൃഗങ്ങളെയും രക്ഷിക്കാൻ നടപടിയുണ്ടാകണമെന്നും കടുങ്ങല്ലൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷത ഓമന ശിവശങ്കരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.