ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ദിവസങ്ങളായി ഗതാഗത തടസ്സം പതിവായിരിക്കുകയാണ്. ചാലയ്ക്കൽ പകലമറ്റം മുതൽ പൈപ്പിടുന്ന ജോലികൾ ആരംഭിച്ചിരിക്കുന്നതിനാലാണ് ഗതാഗത തടസ്സം രൂക്ഷമായത്.
പകലമറ്റം ബസ്സ്റ്റോപ് മുതൽ റോഡിന്റെ ഒരു ഭാഗത്ത് ആരംഭിച്ച പൈപ്പിടൽ ഇപ്പോൾ ഏറെ തിരക്കേറിയ മഹിളാലയം കവലവരെ എത്തിനിൽക്കുന്നു. ഇതോടൊപ്പം റോഡിന്റെ എതിർഭാഗത്തും പൈപ്പിടൽ ആരംഭിച്ച് ചാലക്കൽ പതിയാട്ട് കവലവരെയെത്തി.
ഇതോടെ രൂക്ഷമായ ഗതാഗതതടസ്സം മൂലം വാഹനങ്ങൾ മണിക്കൂറുകളോളം കിടക്കേണ്ട ഗതികേടിലാണ് . റോഡിന്റെ ഒരു ഭാഗത്തെ പൈപ്പിടൽ തുടരുന്നതോടൊപ്പം എതിർവശത്തും ആരംഭിച്ചതോടെയാണ് ഗതാഗതതടസ്സം രൂക്ഷമായതെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞദിവസം ശക്തമായ മഴ പെയ്തതോടെ പൈപ്പിട്ടു മൂടിയ കുഴിയിൽവാഹനങ്ങൾ താഴ്ന്ന് അപകടത്തിൽപെടുന്നുമുണ്ട്. കൂടാതെ പൊടിശല്യവും രൂക്ഷമായിരിക്കുകയാണ്. മണ്ണുമാന്തി ഉപയോഗിച്ചാണ് പൈപ്പിടുന്നതിനായി കുഴിയെടുക്കുന്നതും കുഴിമൂടുന്നതും.
അതുകൊണ്ടുതന്നെ പല സ്ഥലങ്ങളിലും ശരിയായ രീതിയിൽ കുഴിമൂടാത്തതിനാൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് നാട്ടുകാർ പറയുന്നു.
അതിനാൽ, ഒരു ഭാഗത്ത് പണിതീർന്നശേഷം മാത്രം എതിർഭാഗത്തെ പണി ആരംഭിച്ചാൽ ഗതാഗതതടസ്സം പരിഹരിക്കാൻ സാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. കൂടാതെ ശരിയായ രീതിയിൽ കുഴി മൂടുന്നതിനുവേണ്ട നടപടിയും സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.