ആലുവ: ആലുവ പൊലീസ് ഓടിത്തളരുന്നു. സംസ്ഥാനത്തുതന്നെ വളരെ കൂടുതൽ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന സ്റ്റേഷനുകളിലൊന്നാണ് ആലുവ ഈസ്റ്റ്. അതിന് പുറമെ വി.ഐ.പി ഡ്യൂട്ടിയടക്കം മറ്റ് ഉത്തരവാദിത്തങ്ങളും കൂടുതലാണ്. എന്നാൽ, അതിനനുസരിച്ചുള്ള അംഗബലം ഇവിടെയില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും പിന്നിലാണ്. ഇതാണ് പൊലീസിനും പൊതുജനങ്ങൾക്കും ദുരിതമാകുന്നത്.
റൂറൽ ജില്ല പൊലീസ് ആസ്ഥാന നഗരമായിട്ടും കുറ്റകൃത്യങ്ങൾക്ക് അറുതിവരുത്താൻ പൊലീസിന് കഴിയാത്തത് ജില്ല പൊലീസ് അധികൃതർക്കും നാണക്കേടാണ്. ലഹരി ഇടപാടുകൾ, കൊലപാതകം, കവർച്ച, പീഡനം, തട്ടിക്കൊണ്ടുപോകൽ, പോക്സോ, ഗുണ്ട പ്രവർത്തനം, മണൽ മാഫിയ തുടങ്ങി ഗൗരവമുള്ള കേസുകൾ നിത്യസംഭവമാണ്. എന്നാൽ, ഇത് തടയാനോ കേസ് അന്വേഷണത്തിനോ ക്രമസമാധാനം ഉറപ്പാക്കാനോ ആവശ്യമായ അംഗബലം പൊലീസിനില്ല. കുറ്റകൃത്യങ്ങൾ ഇത്രയധികം വർധിക്കുന്നതിന് മുമ്പ് നിലവിലുള്ളതിനേക്കാൾ അംഗബലം ഉണ്ടായിരുന്നു. എന്നാൽ, പിന്നീട് ആളെണ്ണം കുറഞ്ഞുവരുകയായിരുന്നു. 2016ന് മുമ്പ് ആലുവ സ്റ്റേഷനിൽ 102 പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. എന്നാൽ, നിലവിൽ 36 പേർ മാത്രമാണ് ഇവിടെയുള്ളത്. ആലുവ വിഭജിച്ച് എടത്തലയിലും ആലങ്ങാട്ടും പുതിയ സ്റ്റേഷനുകൾ സ്ഥാപിച്ചെങ്കിലും ആലുവയിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങൾകൂടി. പുതിയ സ്റ്റേഷനുകളിൽ പുതുതായി ഉദ്യോഗസ്ഥരെ അനുവദിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, അതുണ്ടായില്ല. പകരം ആലുവയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പുതിയ സ്റ്റേഷനുകളിലേക്ക് മാറ്റുകയാണ് ചെയ്തത്. ഇത്തരത്തിൽ അറുപതോളം പേരെയാണ് രണ്ടിടത്തേക്കുമായി നിയോഗിച്ചത്. തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളും ആലുവയിലാണ് ഉള്ളത്. ഇടുക്കി ജില്ലയുടെ റെയിൽവേ പ്രവേശന കവാടം കൂടിയായ ആലുവ റെയിൽവേ സ്റ്റേഷൻ മധ്യകേരളത്തിൽതന്നെ ഏറെ തിരക്കുള്ളതാണ്.
സംസ്ഥാനത്ത് അന്തർസംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതൽ വന്നുപോകുന്നത് ഇതുവഴിയാണ്. തൊഴിലാളികളുടെ മറവിൽ കുറ്റവാളികളും ധാരാളമായി എത്തുന്നുണ്ട്. ലഹരി കടത്തുകാരും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ലഹരി ഉൽപന്നങ്ങൾ കൊണ്ടുവരുന്നതും പ്രധാനമായും ആലുവ വഴിയാണ്. എന്നാൽ, റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും പൊലീസിനാകുന്നില്ല. അതിനാൽ റെയിൽവേ സ്റ്റേഷൻ വഴിയെത്തുന്ന അന്തർസംസ്ഥാനക്കാരടക്കമുള്ള കുറ്റവാളികളും മയക്കുമരുന്ന് ഇടപാടുകാരും സുരക്ഷിതമായി കടന്നുപോകുകയാണ്. ആകെയുള്ള പൊലീസുകാരിൽ നല്ലൊരു ശതമാനവും വി.ഐ.പി ഡ്യൂട്ടിക്കും മറ്റുമായി പോകേണ്ടി വരുന്നുണ്ട്. ആലുവ പാലസ് വി.ഐ.പികൾ കൂടുതലായി തങ്ങുന്ന സ്ഥലമാണ്. എയർപോർട്ട് അടുത്തായതിനാലും കിഴക്കൻ മേഖലകളിലേക്ക് എളുപ്പത്തിൽ കടന്നുപോകാൻ കഴിയുന്നതിനാലും വി.ഐ.പികൾ പാലസിൽ താങ്ങാനാണ് കൂടുതൽ താൽപര്യം കാണിക്കാറുള്ളത്. ഗവർണർ, മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ ഇത്തരത്തിൽ പലപ്പോഴും ഇവിടെയുണ്ടാകാറുണ്ട്. അത്തരം സന്ദർഭങ്ങളിലെല്ലാം കൂടുതൽ പൊലീസുകാരെ ഇവിടേക്ക് നിയോഗിക്കുകയാണ് പതിവ്. അതോടെ രാത്രികാല പട്രോളിങ് അടക്കമുള്ള പലകാര്യങ്ങളും മുടങ്ങും. ഇതാണ് കുറ്റവാളികൾക്ക് സൗകര്യമാകുന്നത്.
ആലുവ: ഒരുമാസത്തിനിടെ ആലുവയിലുണ്ടായ രണ്ട് പീഡന കേസിലും പ്രതികളെ കുടുക്കിയത് സി.സി ടി.വി ദൃശ്യങ്ങൾ. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികളെ ഉടൻ പിടികൂടാൻ പൊലീസിനായത്. ജൂലൈ 28ന് അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയും കഴിഞ്ഞദിവസം എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമാണ് കൃത്യം നടന്ന് മണിക്കൂറുകൾക്കകം കുടുങ്ങിയത്. വ്യാഴാഴ്ച പുലർച്ചയാണ് എടയപ്പുറം ചാത്തൻപുറത്ത് അന്തർസംസ്ഥാന തൊഴിലാളിയുടെ എട്ടുവയസ്സുകാരിയായ മകൾ പീഡിപ്പിക്കപ്പെട്ടത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിക്കുവേണ്ടി തിരച്ചിൽ വ്യാപിപ്പിച്ചു. ഇതിനിടെയാണ് തോട്ടുമുഖം ഭാഗത്തുനിന്ന് സി.സി ടി.വി ദൃശ്യങ്ങൾ കിട്ടിയത്. അതോടെ കൃത്യം നടത്തിയത് മലയാളിയാണെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ വ്യാപക അന്വേഷണം ആരംഭിക്കുകയും പാറശ്ശാല ചെങ്കൽ സ്വദേശി ക്രിസ്റ്റൽ രാജാണ് പ്രതിയെന്ന് തിരിച്ചറിയുകയും ചെയ്തു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതി പെരിയാർ തീരത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചത്.
തായിക്കാട്ടുകര റെയിൽവേ ഗേറ്റിനടുത്ത് വാടകക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലും നിർണായക തെളിവായത് സി.സി ടി.വി ദൃശ്യങ്ങളാണ്.
അന്തർസംസ്ഥാന തൊഴിലാളിയും നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയുമായ അസ്ഫാഖ് ആലമാണ് കുട്ടിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നത്.
ഇയാൾ കുട്ടിയെ കൊണ്ടുപോകുന്ന സി.സി ടി.വി ദൃശ്യങ്ങൾ ഗാരേജ് ഭാഗത്തെ സ്ഥാപനത്തിൽനിന്ന് ലഭിച്ചതാണ് പ്രതിയെ അധികം താമസിയാതെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾ സംശയം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മാർക്കറ്റിന് പിന്നിൽ നടത്തിയ പരിശോധനയിലാണ് അന്ന് മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.