ആലുവ: ശ്രീനാരായണഗുരു ദീർഘകാലം താമസിച്ചിരുന്ന ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ വൈദികമഠത്തിന്റെ നവീകരണം പൂർത്തിയായി. ബുധനാഴ്ച വൈകീട്ട് നാലിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.
കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായിരുന്ന കെട്ടിടം എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിലാണ് നവീകരിച്ചത്. പഴമയുടെ തനിമ നഷ്ടപ്പെടുത്താതെ കാൽക്കോടിയോളം രൂപ ചെലവഴിച്ചായിരുന്നു നവീകരണം. പുതിയ മേൽക്കൂരകളും തൂണുകളും സ്ഥാപിച്ചും മുറ്റം കരിങ്കൽപ്പാളി നിരത്തിയുമാണ് മനോഹരമാക്കിയത്. പട്ടികയും കഴുക്കോലും വാതിലും ജനൽപ്പാളികളുമെല്ലാം തേക്കിൽ നിർമിച്ചവയാണ്. ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ നിരവധി പിറന്ന മണ്ണാണിത്. മഹാകവി കുമാരനാശാൻ ചില കൃതികൾ രചിച്ചത് വൈദികമഠത്തോട് ചേർന്ന പടിപ്പുര മാളികയിലിരുന്നാണ്. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ സന്ദർശനവും വെയിൽസ് രാജകുമാരനിൽനിന്ന് കുമാരനാശാൻ പട്ടുംവളയും സ്വീകരിച്ചതിന്റെ സമ്മേളനവുമെല്ലാം നടന്നത് ഇതേവേദിയിലാണ്. സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ ഇവിടെ പന്തിഭോജനവും നടന്നു.
1091 ചിങ്ങം ഏഴിന് ശ്രീനാരായണ ഗുരു സംസ്കൃത സ്കൂൾ ആരംഭിച്ച കെട്ടിടമാണിത്. ആലുവ അദ്വൈതാശ്രമത്തിന് എതിർവശമാണ് സ്കൂൾ. എസ്.എൻ.ഡി.പി യോഗം ബോർഡ് അംഗം വി.ഡി. രാജന്റെ നേതൃത്വത്തിലാണ് നവീകരണം പൂർത്തിയാക്കിയത്.
നവീകരിച്ച വൈദികമഠം ഉദ്ഘാടനയോഗത്തിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അധ്യക്ഷതവഹിക്കും. സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യാതിഥിയായിരിക്കും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ പ്രീതി നടേശൻ ഗുരുദേവപ്രതിമ അനാച്ഛാദനം ചെയ്യും. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഗുരുദേവപ്രതിമ സമർപ്പിക്കും. ആലുവ യൂനിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, സീമ കനകാംബരൻ, സന്തോഷ് കുട്ടപ്പൻ, ഷൈമി രാജേഷ്, ജയന്തൻ ശാന്തി എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.