ആലുവ: പ്രളയത്തെ തുടർന്ന് നശിച്ച മഹിളാലയം കൊച്ചങ്ങാടി കടവ് പുനരുദ്ധരിച്ചു. കീഴ്മാട് പഞ്ചായത്ത് രണ്ടാം വാർഡിൽ തുരുത്ത് - മഹിളാലയം പാലത്തിന് അടിഭാഗത്തായി കാടുപിടിച്ചും മാലിന്യങ്ങൾ നിറഞ്ഞും നശിച്ചുകിടക്കുകയായിരുന്നു ഈ കടവ്. മഹിളാലയം പാലം വന്നതുമുതൽ പാലത്തിൽനിന്ന് ആളുകൾ ഇവിടേക്ക് മാലിന്യങ്ങൾ വലിച്ചെറിയാൻ ആരംഭിച്ചു. പ്രളയാനന്തരം ഏകദേശം നാല് അടിയോളം മണ്ണാണ് ഇവിടെ വന്നുകൂടിയത്.
മണ്ണടിഞ്ഞ് കൽപടവുകൾ മറഞ്ഞുപോയി. മണ്ണ് കൂടികിടന്നതോടെ അതിന് മുകളിൽ പുല്ലും കാടും വളർന്ന് ആർക്കും ഇവിടേക്ക് ഇറങ്ങാൻപോലും കഴിയാതെയായി. പിന്നാലെ സാമൂഹ്യ വിരുദ്ധരുടെ താവളവുമായി കടവ് മാറി. കടവ് പുനരുദ്ധരിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാക്കി മാറ്റാൻ വാർഡ് അംഗം നജീബ് പെരിങ്ങാട്ടാണ് മുന്നിട്ടിറങ്ങിയത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. ദിവസങ്ങൾ നീണ്ട പരിശ്രമത്തിലൂടെ കടവ് ശുചീകരിച്ചെടുക്കാനായി.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളെല്ലാം നീക്കി. പടവുകളിലെ മണ്ണ് പൂർണമായും നീക്കം ചെയ്തു. നിലവിൽ പടവുകളിലൂടെ സുരക്ഷിതമായി കടവിലേക്കും പുഴയോരത്തേക്കും എത്താൻ കഴിയും. പുഴയുടെ തീരങ്ങളിൽ 50 ഓളം വൃക്ഷത്തെകൾ നട്ട് പിടിപ്പിച്ചിട്ടുണ്ട്. ചെടികൾ നട്ടുവളർത്തി തീരം മനോഹരമാക്കുകയും ചെയ്തു. കടവിന്റെ സുരക്ഷക്കായും മാലിന്യങ്ങൾ തള്ളുന്നത് തടയാനുമായി സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. വെൽഫെയർ പാർട്ടി സ്ഥാനാർഥിയായിരുന്ന നജീബ് പെരിങ്ങാട്ട് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പുഴയോരം ഹരിതവത്കരിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ഇതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നിറവേറ്റാൻ കഴിഞ്ഞതെന്ന് രണ്ടാം വാർഡ് അംഗംകൂടിയായ നജീബ് പെരിങ്ങാട്ട് പറഞ്ഞു. നിലവിൽ പൊതുജനങ്ങൾക്ക് വൈകുന്നേരങ്ങളിൽ ഇവിടെ സമയം ചിലവഴിക്കാൻ കഴിയും. നട്ടുപിടിപ്പിച്ചിട്ടുള്ള വൃക്ഷ തൈകൾ വലുതായാൽ കടവും പരിസരവും കൂടുതൽ മനോഹരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.