ആലുവ: നിയമവിദ്യാർഥിനി മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിമാൻഡിലുള്ള പ്രതികളുടെ ജാമ്യാപേക്ഷ ജില്ല സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസ് അന്വേഷിക്കുന്ന ജില്ല ക്രൈംബ്രാഞ്ച് ജാമ്യം നൽകുന്നതിനെ എതിർത്തിട്ടുണ്ട്.
അറസ്റ്റിലായ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃപിതാവ് യൂസഫ് (63) എന്നിവരാണ് റിമാൻഡിലുള്ളത്. ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ തിങ്കളാഴ്ച ആലുവ മജിസ്ട്രേറ്റ് കോടതി പരിഗണിച്ചെങ്കിലും അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകിയിരുന്നതിനാൽ തള്ളുകയായിരുന്നു.
സുഹൈലിെൻറ ഫോണിൽനിന്നും ആലുവ ടൗൺ മസ്ജിദിൽ ഇരുകൂട്ടരും നൽകിയ കത്തുകളിൽനിന്നും കൂടുതൽ വിവരങ്ങൾ കിട്ടിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. താൻ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് മൊഫിയ സുഹൈലിന് ശബ്ദസന്ദേശങ്ങൾ അയച്ചിരുന്നു. ഇത്തരത്തിലുള്ള മൊഫിയയുടെ ശബ്ദസന്ദേശങ്ങൾ പരിശോധിച്ച അന്വേഷണസംഘം മൊഫിയക്ക് പലതരത്തിലുള്ള പീഡനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നെന്ന നിഗമനത്തിലാണ്.
സുഹൈലിെൻറ ഭാര്യയായി മാതാപിതാക്കള്‍ ഡോക്ടറെ ആഗ്രഹിച്ചിരുന്നതായ വിവരങ്ങൾ ലഭിച്ചതായും അന്വേഷണ സംഘം പറയുന്നു. അതിനാൽതന്നെ നിയമവിദ്യാർഥിയായ മൊഫിയയെ സുഹൈല്‍ നിക്കാഹ് കഴിച്ചത് വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല. നിക്കാഹിനുശേഷം ഡോക്ടറല്ലാത്തതിെൻറ പേരില്‍ മൊഫിയയെ മാനസികമായി പീഡിപ്പിച്ചിരുന്നു. മൊഫിയയെ ഒഴിവാക്കി വേറെ കല്യാണം നടത്താന്‍ സുഹൈലും മാതാപിതാക്കളും നീക്കം നടത്തിയിരുന്നതായും അന്വേഷണസംഘം പറയുന്നു.
സുഹൈലിന് മൊഫിയ തെൻറ ഭാര്യയായി തുടരുന്നതിൽ താൽപര്യമുണ്ടായിരുന്നില്ലെന്ന്, ആലുവ ടൗൺ മഹല്ല് പള്ളിയിൽ നടത്തിയ വിവരശേഖരണത്തിൽ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. വിവാഹബന്ധം വേർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സുഹൈൽ മഹല്ല് കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.