ആലുവ: അപകടാവസ്ഥയിലായ തുരുത്ത് റെയിൽവേ നടപ്പാലം പുനരുദ്ധരിക്കാൻ പാലത്തിൻറെ ഇരു കരകളിലുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ പണം അടക്കണമെന്ന് റെയിൽവേ ആലുവ നഗരസഭ, ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് എന്നിവർ തുക റെയിൽവേയ്ക്ക് അടക്കണമെന്ന് സതേൺ റെയിൽവേ ഡിവിഷണൽ മാനേജർ ബെന്നി ബെഹന്നാന് എം.പിക്ക് അയച്ച കത്തിലാണ് അറിയിച്ചിട്ടുള്ളത്.
38.90 ലക്ഷം രൂപ എസ്‌റ്റിമേറ്റ് കണക്കാക്കിയിട്ടുള്ളതായും കത്തിൽ പറയുന്നു. ഡെപ്പോസിറ്റ് സ്കീമിലാണ് നടപ്പാലം റെയിൽവേ നിർമ്മിച്ചിട്ടുള്ളത് എന്നും കത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. പാലം സ്‌ഥിതി ചെയ്യുന്ന ആലുവ നഗരസഭ, ചെങ്ങമനാട് പഞ്ചായത്ത് അധികൃതർക്ക് റെയിൽവേ ഈ വിവരം കാണിച്ചുകൊണ്ട് നേരത്തെ കത്തയച്ചിരുന്നു. എന്നാൽ,കത്തയച്ചിട്ട് നാളിതുവരെ യായിട്ടും മറുപടി അറിയിച്ചിട്ടില്ലന്ന് റെയിൽവേ അധികൃതർ പറയുന്നു. അപകടാവസ്‌ഥയിലായ പാലത്തിൻറെ സ്‌ഥിതി തങ്ങൾക്ക് ബോധ്യപ്പെട്ടതായി റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. അതിനാൽ തന്നെ തദ്ദേശ ഭരണ സ്‌ഥാപനങ്ങൾ ബന്ധപ്പെട്ട റെയിൽവേ അധികൃതരെ കണ്ട് തുക അടയ്ക്കാൻ തയ്യാറാകാത്ത പക്ഷം ജനങ്ങളുടെ സുരക്ഷ മുൻനിർത്തി റെയിൽവേ നടപ്പാലം അടയ്ക്കാൻനിർബന്ധിതമാകുമെന്നും ആലുവ മുനിസിപ്പാലിറ്റിക്കും, ചെങ്ങമനാട് പഞ്ചായത്തിനും നൽകിയ കത്തിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.
റെയിൽവേ അധികൃതർ ചൂണ്ടിക്കാണിക്കുന്ന പോലെ അനാസ്‌ഥയുടെയും അവഗണനയുടെയും പ്രതീകമായ ആലുവ - തുരുത്ത് റെയിൽവേ നടപ്പാലം നിലവിൽ വലിയ അപകട ഭീഷണിയിലാണ്. ഫുട്പാത്തിലെ സ്ലാബുകളിൽ പലതും പൊട്ടിപ്പൊളിഞ്ഞ അവസ്‌ഥയിലാണ്. ഈ മാസം എട്ടിന് ഒരു സ്ലാബ് പൂർണ്ണമായും തകർന്നിരുന്നു. ഇതിലൂടെ താഴെ പെരിയാർ കാണാവുന്ന അവസ്‌ഥയുമുണ്ടായി. നാട്ടുകാർ റെയിൽവേ അധികൃതരെ ബന്ധപ്പെട്ട് വിവരം അറിയച്ചതിൻ പ്രകാരം തൽക്കാലം ഒരു ഇരുമ്പു ഷീറ്റ് കൊണ്ടുവന്ന് മൂടി. തൊട്ടടുത്ത ദിവസം ഈ സ്ലാബിന് പകരം പുതിയ സ്ലാബ് സ്‌ഥാപിക്കുകയും ചെയ്തു. എങ്കിലും ഇതൊരു ശാശ്വത പരിഹാരമല്ല. പല സ്ലാബുകളും ഇത്തരത്തിൽ അപകടകരമായ അവസ്‌ഥയിലാണ്. കാലപ്പഴക്കം മൂലം പൂർണമായും അപകടകരമായ സാഹചര്യമാണുള്ളത്. പാലം പണിതിട്ട് 42 വർഷങ്ങൾ കഴിഞ്ഞു. പ്രതിഷേധങ്ങൾ വരുമ്പോൾ തകർന്ന സ്ലാബുകളുടെ വിടവിൽ പാക്കിങ് വക്കുന്നതല്ലാതെ യാതൊരുവിധ അറ്റകുറ്റപണികളും നടത്താൻ റെയിൽവേ തയ്യാറായിട്ടില്ല.
ഇതിനുള്ള തുക തദ്ദേശ സ്‌ഥാപനങ്ങൾ അടക്കാത്തതാണ് റെയിൽവേയുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകാതിരിക്കുന്നതിന് കാരണം. സ്ത്രീകളും കുട്ടികളുമുൾപ്പടെ നിരവധി യാത്രക്കാരാണ് നിത്യവും ഈ നടപ്പാലത്തിലൂടെ സഞ്ചരിക്കുന്നത്. റെയിൽവേ നടപ്പാലം പുനരുദ്ധരിക്കണമെന്ന തുരുത്ത് ജനതയുടെ നീണ്ടക്കാലക്കളയുള്ള ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. തുരുത്തിൽ പാലങ്ങൾ വന്നെങ്കിലും ബസ് സർവീസുകളില്ലാത്തതിനാൽ ജോലിക്കാരും, നിരവധി വിദ്യാർഥികളും ഈ നടപ്പാലത്തിനെ ആശ്രയിക്കുന്നു. ആലുവ പട്ടണത്തിലെത്തിച്ചേരാൻ ഏറെ എളുപ്പവും, പണച്ചെലവില്ലാത്തതുമായ മാർഗമെന്ന നിലക്ക് കിഴക്കേദേശം, പുറയാർ, ഗാന്ധിപുരം എന്നിവടങ്ങളിലെ കാൽനടയാത്രികരുടെ സഞ്ചാര പാത കൂടിയാണിത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.