ആലുവ: മാർക്കറ്റ് റോഡിലെ വെള്ളക്കെട്ടിന് ശമനമില്ല. വർഷങ്ങളായി തുടരുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർക്കാകുന്നില്ല. ഇതുമൂലം വ്യാപാരികളും യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. കാന നിർമാണത്തിലെ അശാസ്ത്രീയതയാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്.
ബുധനാഴ്ച വൈകീട്ടുണ്ടായ മഴയിലാണ് മാർക്കറ്റ് റോഡിൽ വെള്ളക്കെട്ടുണ്ടായത്. ചെറുമഴയിൽ പോലും വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണിത്. നഗരത്തിൽനിന്ന് പെരിയാറിലേക്ക് മഴവെള്ളം ഒഴുക്കാനുള്ള വലിയ കാന തൊട്ടടുത്തായിരുന്നിട്ടും ഇവിടെനിന്ന് വെള്ളം ഒഴുകിപ്പോകാൻ മണിക്കൂറുകൾ വേണ്ടിവരാറുണ്ട്.
റോഡിൽനിന്ന് കാനയിലേക്ക് വെള്ളം ഒഴുകാൻ ആവശ്യത്തിന് വഴികളില്ലാത്തതാണ് നിലവിലെ പ്രതിസന്ധി. കാനക്കകത്ത് മാലിന്യം നിറഞ്ഞുകിടക്കുന്നതും ജലം ഒഴുകുന്നതിന് തടസ്സമായിട്ടുണ്ട്. സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്താണ് രൂക്ഷമായ വെള്ളക്കെട്ടുണ്ടായത്. ചെറിയ മഴയിൽ പോലും നഗരത്തിൽ റോഡുകളിൽ വെള്ളക്കെട്ട് പതിവാണ്. പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് മാർക്കറ്റ് റോഡിലെയും അൻവർ ആശുപത്രി റോഡിലെയും വ്യാപാരികളാണ് ഇതുമൂലം കൂടുതൽ ദുരിതം അനുഭവിക്കുന്നത്.
സ്റ്റാൻഡിന് മുൻവശത്തെ മാർക്കറ്റ് റോഡിൽ നിന്ന് അൻവർ ആശുപത്രി ഭാഗത്തേക്കുള്ള റോഡിലും വെള്ളക്കെട്ട് പതിവാണ്. ചാറ്റൽ മഴയിൽ പോലും ഇവിടെ വെള്ളം കെട്ടുന്ന സാഹചര്യമാണ്. വ്യാപാരികളുടെ പരാതിയെ തുടർന്ന് മാർക്കറ്റ് റോഡിൽ സ്റ്റാൻഡ് പരിസരത്ത് നഗരസഭ കാന പുതുക്കിപ്പണിതിരുന്നു. എന്നാൽ, അതിനുശേഷവും വെള്ളക്കെട്ടുണ്ടായി.
ഇതിനുശേഷമാണ് മെട്രോ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കാനകൾ നവീകരിക്കാൻ ആരംഭിച്ചത്. എന്നാൽ, ഇത് ഫുട്പാത്ത് നിർമാണം മാത്രമായാണ് മുന്നേറുന്നത്. പല ഭാഗങ്ങളിലും കാനകളിലെ മാലിന്യങ്ങൾ പോലും നീക്കാതെ സ്ലാബുകൾക്ക് മുകളിൽ കല്ലുകൾ പാകി ഫുട്പാത്തുണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. മാത്രവുമല്ല, റോഡിൽ നിന്ന് മഴവെള്ളം ഒഴുകിപ്പോകാൻ ചെറിയ ഹോളുകൾ മാത്രമാണ് ഇട്ടിട്ടുള്ളതും. ഇത്തരത്തിലാണ് മാർക്കറ്റ് റോഡിലും ചെയ്തിരിക്കുന്നത്.
പണിൾ നടക്കുന്ന സമയത്ത് വ്യാപാരികൾ ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അതൊന്നും അധികാരികളോ കരാറുകാരോ ചെവിക്കൊണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.