ആലുവ: പൊതുമരാമത്ത് മന്ത്രിയുടെ ഉത്തരവിന് പുല്ലുവില കൽപിച്ച് ഉദ്യോഗസ്ഥർ. തകർന്ന റോഡിൽ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥർ നടപ്പാക്കിയത്. ആലുവ-മൂന്നാർ റോഡിൽ ചൂണ്ടി കവലയിലെ കുഴികൾ ഒഴിവാക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. റോഡിന്റെ പകുതിഭാഗം തകർന്നിട്ട് മാസങ്ങളായി. മഴവെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തതാണ് ചൂണ്ടിയിലെ പ്രതിസന്ധിക്ക് കാരണം. തിരക്കേറിയ കവലയിൽ കാനകൾ ഇല്ലാത്തതിനാൽ റോഡിൽ എപ്പോഴും വെള്ളം കെട്ടിക്കിടക്കുകയാണ്. ചെറിയ കുഴികൾ രൂപപ്പെട്ടപ്പോൾ മുതൽ ടാറിങ് നടത്തണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യമുന്നയിച്ചിരുന്നു.
പരാതികൾ ശക്തമായതോടെ തട്ടിക്കൂട്ട് കുഴിയടക്കൽ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് അധികൃതർ ചെയ്തത്. ഇതേ തുടർന്ന് വീണ്ടും കുഴികൾ രൂപപ്പെട്ടു. ദുരിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമ’ത്തിൽ വാർത്ത നൽകിയിരുന്നു. ഇത് റീട്ടെയിൽ ഫുട്വെയർ അസോസിയേഷൻ ജില്ല പ്രസിഡന്റും ചൂണ്ടി കവലയിലെ വ്യാപാരിയുമായ ഹുസൈൻ കുന്നുകര മന്ത്രിക്ക് ഇ-മെയിൽ ചെയ്തിരുന്നു. നടപടിക്ക് കെ.ആർ.എഫ്.ബി മൂവാറ്റുപുഴ അസി. എക്സി. എൻജിനീയർക്ക് കൈമാറി. എന്നാൽ, നടപടികളൊന്നും ഉദ്യോഗസ്ഥർ കൈക്കൊണ്ടിട്ടില്ലെന്ന് ഹുസൈൻ കുന്നുകര ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.