ആലുവ: മുംബൈയിൽ കാണാതായ ആലുവ സ്വദേശിയായ വിദ്യാർഥി ഫാസിൽ ഓൺലൈൻ വഴി 12 ദിവസത്തിനിടെ 19 സാമ്പത്തിക ഇടപാട് നടത്തി. ആറ് സ്ഥാപനങ്ങളുമായി പണമിടപാടുകൾ നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ആറ് സ്ഥാപനങ്ങൾക്കായി രണ്ടുലക്ഷം രൂപയാണ് ഫാസിൽ നൽകിയിട്ടുള്ളത്. മോക്ഷ ട്രേഡേഴ്സ്, വിഷൻ എന്റർപ്രൈസസ്, ഓം ട്രേഡേഴ്സ്, ശീതൾ ട്രേഡേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. ഇതിൽ 1.2 ലക്ഷം രൂപയുടെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും അധികം പണം കൈമാറിയത് മോക്ഷ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനാണ്.
ഗൂഗിൾ പേ വഴി മോക്ഷക്ക് 95,000 രൂപയും വിഷൻ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന് 25,000 രൂപയും കൈമാറി. എന്നാൽ, ഈ സ്ഥാപനങ്ങളൊക്കെ എവിടെയുള്ളതാണെന്ന് കണ്ടെത്താനായിട്ടില്ല. ആഗസ്റ്റ് 14 മുതൽ 26 വരെയാണ് മോക്ഷക്ക് 95,000 രൂപ കൈമാറിയത്. 25, 26 തീയതികളിലാണ് ഏറ്റവും കൂടുതൽ ഇടപാട് നടന്നിരിക്കുന്നത്. ഓൺലൈൻ വായ്പാത്തട്ടിപ്പിന്റെ ഇരയെന്ന സംശയം ഇതിലൂടെ ശക്തമായി. ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിന് ഇരയായി അവരുടെ ഭീഷണി ഭയന്ന് ഫാസിൽ എവിടേക്കെങ്കിലും പോയതാകാണം എന്ന നിഗമനത്തിലാണ് രക്ഷിതാക്കൾ. അതിനാൽതന്നെ തുടക്കം മുതൽ ഈ നിലയിലാണ് അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് രേഖകൾ പരിശോധിച്ചപ്പോഴാണ് പണമിടപാടിന്റെ വിവരങ്ങൾ ലഭിച്ചത്. ആഗസ്റ്റ് 26നാണ് മുംബൈയിലെ എച്ച്.ആർ കോളജിലെ ബിരുദ വിദ്യാർഥി ഫാസിലിനെ കാണാതായത്. ഫാസിൽ ഹോസ്റ്റലിൽനിന്ന് ബാഗുമായി ഇറങ്ങുന്ന ചിത്രം പുറത്തുവന്നിരുന്നു. പിന്നീട് നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങുന്ന സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അവിടെയെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഫാസിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ പിന്നീട് ഓൺ ചെയ്യാത്തതിനാൽ ലൊക്കേഷൻ മനസ്സിലാക്കാനും സാധിച്ചിട്ടില്ല. വിദ്യാർഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലുവ റൂറൽ പൊലീസിൽ പിതാവ് നൽകിയിരുന്നു. സംഭവത്തിൽ മുംബൈ കൊളാബ പൊലീസിന് പുറമെ ആലുവ റൂറൽ പൊലീസും അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.