ആലുവ: വിഡിയോയും ഫോട്ടോയും ലൈക്ക് ചെയ്ത് ദിനംപ്രതി പതിനായിരങ്ങൾ സമ്പാദിക്കാമെന്ന പരസ്യത്തിൽ വീണ് പണം പോകുന്നവരുടെ എണ്ണം കൂടുന്നു. ഇത്തരത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടവരുടെ പരാതികളാണ് എറണാകുളം റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്നത്. വീട്ടമ്മമാരും വിദ്യാർഥികളുമാണ് കൂടുതലായും തട്ടിപ്പിനിരയാകുന്നത്. ഇത്തരം പരസ്യങ്ങളുടെ പിന്നാലെ പോയാൽ സമ്പാദ്യവും ജീവിതവും നഷ്ടമാകുമെന്ന് മുന്നറിയിപ്പു നൽകുകയാണ് റൂറൽ ജില്ല പൊലീസ്.
ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി ചെയ്ത് ദിനംപ്രതി 10,000 രൂപ വരെ സമ്പാദിക്കാമെന്ന മോഹിപ്പിക്കുന്ന പരസ്യം പ്രചരിപ്പിക്കുകയാണ് തട്ടിപ്പുസംഘം ആദ്യം ചെയ്യുന്നത്. ഇതിൽ ആകൃഷ്ടരായി അവർ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി ക്ലിക് ചെയ്യുമ്പോൾ നേരെ ടെലഗ്രാം പേജിലെത്തും.
ഇൻസ്റ്റയിൽ കൊടുത്ത ചിത്രങ്ങളും റീൽസും ലൈക്കും ഷെയറും ചെയ്ത് അതിന്റെ സ്ക്രീൻ ഷോട്ടെടുത്ത് അയച്ചു കൊടുത്താൽ ഒരു നിശ്ചിത തുക ‘പാർട്ട് ടൈം’ ജോലിക്കാർക്ക് തികച്ചും ഫ്രീ ആയി അയച്ചുകൊടുക്കും. ഭൂരിഭാഗം പേരും അതിൽ വീഴും. തുടർന്ന് നിങ്ങളുടെ ഫ്രീ ടൈം കഴിഞ്ഞെന്നു പറഞ്ഞ് ടാസ്കിന്റെ രണ്ടാം ഘട്ടത്തിലേക്ക് തട്ടിപ്പുസംഘം ജോലിക്കാരെ കൊണ്ടുപോകും. മറ്റൊരു ലിങ്ക് അയച്ചുനൽകും. അതിൽ ക്ലിക് ചെയ്താൽ തട്ടിപ്പുകാരുടെ ഒരു ഗ്രൂപ്പിലാണ് എത്തുക.
അവിടെ ചെറിയ തുകകൾ മുടക്കി ലക്ഷങ്ങൾ സമ്പാദിച്ചവർ അവരുടെ അനുഭവ കഥകൾ പങ്കുവെക്കും. പറയുന്നതു മുഴുവൻ തട്ടിപ്പുസംഘത്തിന്റെ ആളുകളാണ്. അത് മനസ്സിലാക്കാതെ ലക്ഷങ്ങൾ സമ്പാദിക്കാൻ ചെറിയ തുകയിൽ തുടങ്ങി പതിനായിരങ്ങൾ വരെ മുടക്കിക്കൊണ്ടിരിക്കും. സംഘം നിർമിച്ച വെബ്സൈറ്റിൽ നിങ്ങൾ മുടക്കിയ തുകയും അതിലൂടെ ലഭിച്ച ലാഭവും കാണാൻ കഴിയും. വിശ്വാസ്യത ഉറപ്പുവരുത്താൻ ലാഭവിഹിതമെന്ന് പറഞ്ഞ് ചെറിയ തുകകൾ അക്കൗണ്ടിലേക്ക് അയച്ചും തരും. അപ്പോൾ ടാസ്ക് വഴി കൂടുതൽ ലാഭമുണ്ടാക്കാൻ വലിയ തുകകൾ നിക്ഷേപിക്കും. ഒടുവിൽ മുതലും ലാഭവും കൂടി വൻ സംഖ്യയായി കഴിയുമ്പോൾ തുക തിരിച്ചെടുക്കാൻ ശ്രമിക്കും. അതിന് കഴിയാതെ വരുമ്പോഴാണ് തട്ടിപ്പായിരുന്നെന്നും പണം പോയെന്നും മനസ്സിലാകുന്നത്. പിന്നീട് ഈ സംഘത്തെക്കുറിച്ച് ഒരു വിവരവുമുണ്ടാകില്ല.
ഇത്തരം പരസ്യത്തിൽ ആകൃഷ്ടരായി പണം നഷ്ടപ്പെടുത്തരുതെന്നും പരസ്യങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്നും റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.