ആലുവ: കോവിഡ് മഹാമാരിക്കിടയിലും ആവശ്യത്തിന് ഡോക്ടർമാരില്ലാതായതോടെ ആലുവ ജില്ല ആശുപത്രി അവശനിലയിൽ. ജില്ലയിൽതന്നെ ഏറ്റവും തിരക്കേറിയ സർക്കാർ ആശുപത്രിയായ ഇവിടെ രോഗികളും ഡോക്ടർമാരും ജീവനക്കാരും ഒരുപോലെ ദുരിതം അനുഭവിക്കുകയാണ്. ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
എറണാകുളം ജനറൽ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളജ് തുടങ്ങിയ പല പ്രധാന ആശുപത്രികളിലും നിലവിൽ കോവിഡ് രോഗികൾക്ക് മാത്രമാണ് ചികിത്സ. കോവിഡല്ലാത്ത രോഗങ്ങൾക്ക് പലരും ആലുവയെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. അങ്കമാലി ആശുപത്രിയിലെ ഫിസിഷ്യൻ വർക്ക് അറേഞ്ച്മെൻറ് പ്രകാരം മറ്റൊരു ആശുപത്രിയിലേക്ക് പോയതിനാൽ അവിടെയുള്ള രോഗികളെയും ആലുവക്കാണ് അയക്കുന്നത്.
ഇവിടെയാണെങ്കിൽ ഒരു ഫിസിഷ്യൻ മാത്രമാണുള്ളത്. രാവും പകലും ഇതേ ഡോക്ടർതന്നെ പലപ്പോഴും ജോലി ചെയ്യേണ്ടിവരുന്നുണ്ട്. അദ്ദേഹത്തിന് അവധി എടുക്കേണ്ടിവരുമ്പോൾ ചികിത്സയും മുടങ്ങുകയാണ്. അഞ്ച് ഫിസിഷ്യൻമാർ വേണ്ടിടത്താണ് ഒരാളെ മാത്രം കാലങ്ങളായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
പറവൂരിലെ താലൂക്ക് ആശുപത്രിയിൽപോലും മൂന്ന് ഡോക്ടർമാരുള്ളപ്പോഴാണ് ജില്ല ആശുപത്രിയോട് സർക്കാർ അവഗണന. അസ്ഥിരോഗ വിഭാഗത്തിൽ രണ്ട് തസ്തികയാണുള്ളത്. ഇതിൽ ഒരാൾക്ക് ചില ദിവസങ്ങളിൽ പറവൂർ ആശുപത്രിയിലാണ് സേവനം. അടുത്തയാൾക്ക് കോവിഡ് നോഡൽ ഓഫിസറുടെ ചുമതല നൽകിയിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിലെ ഡോക്ടറാണ് പലപ്പോഴും അസ്ഥിരോഗവുമായി ബന്ധപ്പെട്ട രോഗികളെ ചികിത്സിക്കുന്നത്. ഇതിനിടയിൽ നിലവിെല ഫിസിഷ്യന്‍ ആശുപത്രിയിലെ കോവിഡ് ബാധിതരുടെ ചുമതലകൂടി നൽകാനുള്ള നീക്കം നടക്കുന്നുണ്ട്. അങ്ങനെ വന്നാൽ മറ്റ് രോഗികളുടെ കാര്യം കൂടുതൽ ദുരിതമാകും. കോവിഡ് ബാധിതരെയും അല്ലാത്തവരെയും ഒരാൾതന്നെ മാറിമാറി ചികിത്സിക്കുമ്പോൾ രോഗവ്യാപന സാധ്യതയും കൂടുതലാകും.
ആലുവ താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയാക്കി ഉയര്‍ത്തിയെങ്കിലും അതിെൻറ നിലവാരത്തിലേക്ക് ഉയർത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. 60 ഡോക്ടർമാരെങ്കിലും ഇവിടെ വേണം. പകുതിയിലധികം ഡോക്ടർമാരുടെ കുറവ് ഇപ്പോഴുണ്ട്. സ്ഥലം മാറിപ്പോയ പല സ്പെഷലിസ്റ്റുകൾക്കും പകരം ഡോക്ടർമാരെ നിയമിച്ചിട്ടില്ല. നഴ്സുമാരടക്കം 207 പാരാമെഡിക്കൽ ജീവനക്കാർ വേണ്ടിടത്തും കാര്യമായ കുറവുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.