ആലുവ: രണ്ടര പതിറ്റാണ്ടായിട്ടും സീപോർട്ട്-എയർപോർട്ട് റോഡ് യാഥാർഥ്യമായില്ല. റോഡിനുവേണ്ടി ഏറ്റെടുക്കാനുള്ള സ്ഥലത്ത് കല്ലിട്ട് പോയിട്ട് ഏതാണ്ട് 25 വർഷമായി. എന്നാൽ, ഇതുവരെ സ്ഥലങ്ങൾ ഏറ്റെടുക്കുകയോ ഉടമകൾക്ക് പണം നൽകുകയോ ചെയ്തിട്ടില്ല. കല്ലിട്ട ഭൂമികൾ ക്രയവിക്രയം ചെയ്യാൻ ഉടമകൾക്ക് കഴിയുന്നുമില്ല.
മൂന്നുകൊല്ലം മുമ്പ് സാമൂഹികാഘാത പഠനമുൾപ്പെടെ പ്രക്രിയകൾ പൂർത്തിയായതാണ്. എന്നാൽ, ഭൂമി ഏറ്റെടുക്കലടക്കം കാര്യമായ നടപടികളൊന്നുമുണ്ടായില്ല. കഴിഞ്ഞ 25 വർഷത്തിനിടെ, റോഡിനുവേണ്ടി കല്ലിട്ട ഭൂമി വിൽക്കാനോ ഉപയോഗിക്കാനോ കഴിയാതെ ഭൂവുടമകളിൽ പലരും മരിച്ചു. വീട് താമസയോഗ്യമല്ലാത്ത ഒട്ടേറെ ഭൂവുടമകളുമുണ്ട്. സ്ഥലം റോഡിന് പോകുന്നതു കൊണ്ട് അറ്റകുറ്റപ്പണി ചെയ്യാനാകാതെ ചോർന്നൊലിക്കുന്ന വീടുകളിൽ കഴിയുന്നവരുമുണ്ട്.
വിഷയം പലതവണ നിയമസഭയിലും നിയമസഭക്ക് പുറത്തും ചർച്ചക്ക് വന്നിട്ടുണ്ടെങ്കിലും ഇതുവരെ സ്ഥലമെടുക്കാൻ വിജ്ഞാപനം ഇറങ്ങിയിട്ടില്ല. നവ കേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി മാസങ്ങൾക്കുമുമ്പ് ആലുവയിൽ വന്ന സമയം ഭൂവുടമകളുടെ സംഘടന നിവേദനം കൊടുത്തിരുന്നു. ദിവസങ്ങൾക്കകം പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും നടപടികളുണ്ടായില്ല.
45 ദിവസത്തിനകം നവ കേരള സദസ്സിനു മുന്നിൽ വരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് അന്ന് പ്രഖ്യാപിച്ചിരുന്നത്. പക്ഷേ, ഇതുവരെ ഒരു പരിഹാരവുമില്ലാതെ ഭൂമി പോകുന്നവർ കാത്തിരിപ്പ് തുടരുന്നു. ഉടനെ ഭൂമി ഏറ്റെടുത്ത് ഇരകൾക്ക് നഷ്ടപരിഹാരം കൊടുത്തില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെ സമരപരിപാടികൾക്ക് തയാറെടുക്കുകയാണ് സ്ഥലമുടമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.