ആലുവ: ഇരുചക്ര വാഹന മോഷ്ടാവിനെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തിയപ്പോൾ തെളിഞ്ഞത് പോക്സോ കേസും മറ്റൊരു മോഷണവും. നോർത്ത് പറവൂർ മച്ചാൻ തുരുത്ത് കണ്ണാട്ട് പാടത്ത് വിപിൻലാലിനെ (39) കഴിഞ്ഞ ആറിനാണ് ആലുവ മാർക്കറ്റിനുസമീപം മേൽപാലത്തിനുകീഴെ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷ്ടിച്ച കേസില്‍ ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന്, കോടതി ഇയാളെ റിമാൻഡ് ചെയ്തു. പിന്നീട് പ്രതിയെ വിശദ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇയാൾ അനധികൃതമായി താമസിച്ചിരുന്ന പണിതീരാത്ത ഫ്ലാറ്റിൽ വെച്ചാണ് 13 വയസ്സുള്ള ആൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
കുട്ടിയെ മയക്കുമരുന്ന് നൽകിയാണ് ഉപദ്രവിച്ചതെന്ന് ഇയാൾ പറഞ്ഞു. ഇതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ട്. ആലുവയിൽ നിന്നുതന്നെയാണ് ഇയാൾ മറ്റൊരു ബൈക്കും മോഷ്ടിച്ചത്. രണ്ട് ബൈക്കും പൊലീസ് കണ്ടെടുത്തു.13 മോഷണക്കേസ് ഇയാളുടെ പേരിലുണ്ട്. പകൽ ആളില്ലാത്ത വീടുകൾ കണ്ടുവെച്ച് രാത്രി മോഷണം നടത്തുന്നതും ഇയാളുടെ രീതിയാണ്. മോഷണം നടത്തിക്കിട്ടുന്ന പണം ആഡംബര ജീവിതത്തിന് വിനിയോഗിക്കുകയാണ് ചെയ്യുന്നത്. എസ്.എച്ച്.ഒ എം.എം. മഞ്ജുദാസ്, എസ്.ഐ പി.ടി. ലിജിമോൾ, എസ്.സി.പി.ഒ ഷൈജ ജോർജ്, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.