കാഞ്ഞൂർ: നിർദിഷ്ട അങ്കമാലി -കുണ്ടന്നൂർ ദേശീയ പാത ബൈപാസിന് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഭൂവുടമകൾ യോഗം ചേർന്നു. വീടുകൾക്ക് കാലപ്പഴക്കം കണക്കാക്കാതെ നഷ്ടപരിഹാരം നൽകുക, ഭൂമി ഏറ്റെടുത്ത ശേഷം ബാക്കിവരുന്ന ഉപയോഗശൂന്യമാകുന്ന സ്ഥലങ്ങൾ കൂടി ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
ഇത് നേടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാനും ഹൈകോടതിയെ സമീപിക്കാനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. പദ്ധതിക്കായി കാഞ്ഞൂർ പഞ്ചായത്തിൽ 200ഓളം വീടുകളാണ് വിട്ടുകൊടുക്കേണ്ടി വരുന്നതെന്ന് യോഗം വിലയിരുത്തി. ഏറ്റവുമധികം വീടുകൾ നഷ്ടമാകുന്നതും ഈ പഞ്ചായത്തിലാണ്.
ദേശീയ പാത നിയമ പ്രകാരം ഭൂമി ഏറ്റെടുത്തു കഴിഞ്ഞാൽ കൂടുതൽ നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാനാകില്ല. ജില്ല കലക്ടർ ആണ് അന്തിമ നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. കൂടുതൽ വില കിട്ടുവാൻ കലക്ടർക്ക് തന്നെയാണ് ഭൂഉടമകൾ അപ്പീൽ നൽകേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി. ഇതടക്കം ആവശ്യങ്ങൾക്ക് പരിഹാരം തേടിയാണ് അധികാരികളെ സമീപിക്കുന്നത്. കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ആക്ഷൻ കൗൺസിൽ ചെയർമാൻ ആന്റണി പാറക്ക, കൺവീനർ സജി കുടിയിരിപ്പിൽ, വാർഡ് അംഗങ്ങളായ പ്രിയ രഖു, സത്യൻ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.