അങ്കമാലി: മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ച് കെ-റെയില്‍ പദ്ധതിക്ക് സർവേക്കല്ലുകള്‍ സ്ഥാപിക്കുന്നത് വ്യാപകമായതോടെ പ്രതിഷേധവും ശക്തമായി. അങ്കമാലി നഗരസഭയുടെ 29ാം വാര്‍ഡില്‍പ്പെട്ട ചമ്പന്നൂര്‍ പുന്നാരിക്കടവ് ഭാഗത്ത് വ്യാഴാഴ്ച രാവിലെ സർവേക്കല്ലുകള്‍ സ്ഥാപിക്കാനെത്തിയ കെ-റെയില്‍ പദ്ധതി ഉദ്യോഗസ്ഥരെ കോണ്‍ഗ്രസിന്റെയും കെ-റെയില്‍ വിരുദ്ധ സമിതിയുടെയും നേതൃത്വത്തില്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ ഏറെ നേരം വാഗ്വാദമുണ്ടായി. ഒടുവില്‍ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
ചമ്പന്നൂരില്‍ മാത്രം പദ്ധതിക്കായി 200ഓളം പേരുടെ വസ്തു വകകളും 100ഓളം പേരുടെ കിടപ്പാടവും നഷ്ടപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാവിലെ ഉദ്യോഗസ്ഥര്‍ കല്ലു നാട്ടാന്‍ തൊഴിലാളികളെയും ഉപകരണങ്ങളുമായി എത്തിയതോടെ സര്‍ക്കാറിനും പൊലീസിനും കെ-റെയില്‍ ഉദ്യോഗസ്ഥർക്കുമെതിരെ സ്ത്രീകളടക്കം 200ഓളം വരുന്ന പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡും മുദ്രാവാക്യവുമായി പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധക്കാരെ നേരിടാന്‍ 100ലേറെ വനിതകളടക്കമുള്ള പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നത്. റോഡില്‍ കുത്തിയിരുന്നതോടെ അങ്കമാലി എസ്.എച്ച്.ഒ സോണി മത്തായിയുടെ നേതൃത്വത്തില്‍ പൊലീസ് പ്രതിഷേധക്കാരെ ബലമായി പിടിച്ചു മാറ്റുകയുമായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് അങ്കമാലി ബ്ലോക്ക് ജനറല്‍ സെക്രട്ടറി റിന്‍സ് ജോസ്, വയോധികയായ ത്രേസ്യാമ്മ ഫ്രാന്‍സിസ്, സിജി പോള്‍ എന്നിവരെയടക്കം പൊലീസ് ബലമായി വാഹനത്തില്‍ കയറ്റി. 12 പേരാണ് അറസ്റ്റിലായത്. അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതിഷേധം അറിഞ്ഞെത്തിയ അങ്കമാലി നഗരസഭ ചെയര്മാന് റെജി മാത്യു, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.സാജി ജോസഫ് എന്നിവര്‍ പൊലീസിന്റെയും കെ-റെയില്‍ ഉദ്യോഗസ്ഥരുടെയും നടപടി ചോദ്യം ചെയ്തു. കോടതിയെ മറയാക്കി ഉദ്യോഗസ്ഥര്‍ കിരാതവും ക്രൂരവുമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും പൊലീസ് രാജിനെയും ഭരണ ഹുങ്കിനെയും ജനാധിപത്യ രീതിയില്‍ ചെറുത്ത് തോല്‍പ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതിഷേധ യോഗം നഗരസഭ ചെയര്മാന് റെജി മാത്യു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മനു നാരായണന്, കൗണ്‍സിലര്‍ ഷൈനി മാര്ട്ടിന്, സാജി ജോസഫ്, സി.കെ. സൈമണ്‍, സി.കെ വര്‍ഗീസ്, ടി.കെ. തങ്കപ്പന്, സാല്‍വിന്‍ കെ.പി, അനീഷ് മണവാളന്, റിന്‍സ് ജോസ്, ബേബി പള്ളിപ്പാട്ട്, സിജി പോള്‍, സനൂപ് തങ്കപ്പന്, സ്റ്റാര്‍ലിന്‍, ജേക്കബ്, ഹ്യദിന് ആന്റണി, ടിനു ഫ്രാന്‍സിസ്, പി.ഡി. ബാബു, വിപിന്‍ തോമസ്, ബൈജു ചെന്നക്കാടന്‍, ത്രേസ്യാമ്മ ഫ്രാന്‍സിസ്, ലാലി യാക്കോബ്, അംബിക ബാലന് എന്നിവര്‍ സംസാരിച്ചു.
ബുധനാഴ്ച നഗരസഭ പരിധിയിലെ പീച്ചാനിക്കാട് ഭാഗത്തും പദ്ധതിക്കായി സർവേക്കല്ലുകള്‍ സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.