അങ്കമാലി: മൂക്കന്നൂര്‍ പഞ്ചായത്തിലെ പുല്ല പാടശേഖരത്തിലും പരിസരങ്ങളിലും ഫംഗസ് രോഗബാധ മൂലം ഹെക്ടർ കണക്കിന് നെൽകൃഷി നശിക്കുന്നു. പത്ത് ഹെക്ടറോളം ഭാഗത്തെ നെല്‍കൃഷി ഇതിനകം ഫംഗസ് രോഗബാധമൂലം നശിച്ചു. വിളവെടുപ്പിന് പാകമാകുന്ന സമയത്തുള്ള രോഗബാധമൂലം 15ഓളം പരമ്പരാഗത നെൽ കര്‍ഷകര്‍ ദുരിതത്തിലായി.
പോള കരിച്ചില്‍, ഇല കരിച്ചില്‍, ഓലചുരുട്ടല്‍ തുടങ്ങിയവയാണ് പ്രധാനമായും ബാധിച്ച ഫംഗസ് രോഗങ്ങൾ. ജ്യോതി വിത്താണ് കൃഷിയിറക്കിയിട്ടുള്ളത്. കുറച്ച് നാളുകൾക്ക് മുമ്പ് രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ കൃഷി ഓഫിസറുടെ നിർദേശപ്രകാശം രോഗപ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും നെല്ല് പാകമായപ്പോള്‍ ഫംഗസ് രോഗം വ്യാപകമായി ബാധിച്ചതോടെയാണ് കർഷകരെ ദുരിതത്തിലാക്കിയത്.
മറ്റ് യാതൊരു പ്രതിരോധ പ്രവര്‍ത്തനങ്ങളും കൃഷിയെ രക്ഷിക്കാനാവാത്ത അവസ്ഥയിലാണെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ നെൽകൃഷിയുടെ ഫംഗസ് ബാധ അറിഞ്ഞ് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ട പ്രകാരം കൃഷിവകുപ്പിന്റെ ജില്ല തലത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി ഡയഗനോസ്റ്റിക് ടീം കൃഷിയിടം സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി.
കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ബിജിമോള്‍ കെ. ബേബി, വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിലെ റിസര്‍ച്ച് ഓഫിസര്‍ എസ്.ജെ. ശ്രീജ, അങ്കമാലി കൃഷി അസി. ഡയറക്ടര്‍ ബിപ്തി ബാലചന്ദ്രന്, മൂക്കന്നൂര്‍ കൃഷി ഓഫിസര്‍ നീതുമോള്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗ്രേസി ചാക്കോ, സഹകരണബാങ്ക് പ്രസിഡന്റ് പി.എല്‍. ജോസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. വര്‍ഗീസ്, ഏല്യാസ് കെ. തരിയന്‍, പി.എല്‍. ഡേവീസ്, ജോബി പോള്‍ തുടങ്ങിയവർ കര്ഷകപ്രതിനിധികളായ കെ.എല്‍. യൗസേഫ്, കെ.ഒ. ഡേവീസ്, കെ.പി. തോമസ്, ജോബി ഉപ്പന്‍, സാബു ചൂരമന എന്നിവരുമായി ചര്‍ച്ച നടത്തി. ഫംഗസ് രോഗ ബാധ മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്ന് റോജി എം.ജോൺ എം.എൽ.എ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രി പി. പ്രസാദിന് എം.എൽ.എ നിവേദനവും സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.