കൊച്ചി: കൊച്ചി നഗരത്തിൽ വഴിയോരക്കച്ചവടം അനുവദിക്കാനാകുമെന്ന് കണ്ടെത്തിയ മേഖലകൾ വ്യക്തമാക്കി നഗരസഭ റിപ്പോർട്ട് നൽകണമെന്ന് ഹൈകോടതി. നഗരസഭാ കൗൺസിൽ യോഗം അംഗീകരിച്ച ഈ മേഖലകളുടെ വിവരങ്ങൾ മാർച്ച് 25 ന് റിപ്പോർട്ട് നൽകാനാണ് നിർദേശം. ഇത് നഗരസഭ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വേണമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ വ്യക്തമാക്കി.
കൊച്ചി നഗരത്തിലെ അനധികൃത തെരുവു കച്ചവടങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജികളിലാണ് സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. നഗരസഭ നൽകിയ താൽക്കാലിക സർട്ടിഫിക്കറ്റുകളുടെ കാലാവധി മാർച്ച് 31 വരെ നീട്ടാമെന്നും തുടർന്ന് കാലാവധി നീട്ടുന്നത് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ച് തീരുമാനിക്കാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ലൈസൻസില്ലാത്തവരെ നഗരത്തിൽ തെരുവു കച്ചവടം നടത്താൻ അനുവദിക്കരുതെന്നും ഇത് ഉറപ്പാക്കാൻ നിരീക്ഷണം തുടരണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു. നഗരത്തിൽ 137 തെരുവുകച്ചവടക്കാർ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ റിപ്പോർട്ട് നൽകിയിരുന്നു.
ഇവരെ ഒഴിപ്പിക്കാൻ നടപടിയെടുത്തെന്നും രണ്ട് ദിവസത്തിനകം ഒഴിപ്പിക്കുമെന്നും നഗരസഭ അറിയിച്ചു. അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾക്ക് നഗരസഭ സഹായങ്ങൾ നൽകണമെന്ന് ഹൈകോടതി നിർദേശിച്ചു. തെരുവുകച്ചവടം നടത്താനുള്ള വ്യവസ്ഥകൾ ലംഘിച്ച 22 പേർക്കെതിരെ ജില്ല കലക്ടറും റിപ്പോർട്ട് നൽകിയിരുന്നു. ഇവരിൽ എട്ടു പേർ വ്യാജ ലൈസൻസിന്‍റെ മറവിലാണ് കച്ചവടം നടത്തുന്നതെന്നും ശേഷിച്ചവരിൽ ആറുപേർ നടപ്പാതയുടെ വീതി മൂന്നു മീറ്ററിൽ താഴെയുള്ള മേഖലകളിൽ കച്ചവടം ചെയ്യുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ നഗരസഭാ സെക്രട്ടറി ഈമാസം 25ന് റിപ്പോർട്ട് നൽകണം.
ഈമാസം 16, 17 തീയതികളിൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ലൈസൻസുണ്ടെങ്കിലും വ്യവസ്ഥകൾ ലംഘിച്ചെന്ന് കണ്ടെത്തിയ 40 പേർക്ക് നോട്ടീസ് നൽകിയെന്ന് അമിക്കസ് ക്യൂറി ഹൈകോടതിയിൽ അറിയിച്ചു. ഇതുപോലെ നോട്ടീസ് ലഭിച്ചവരോട് ജില്ല കലക്ടർ മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ഇതുസംബന്ധിച്ച് കലക്ടർ റിപ്പോർട്ട് നൽകാനും ഹൈകോടതി നിർദേശിച്ചിരുന്നു.
ഈ കേസിലും നോട്ടീസ് ലഭിച്ചവർ ജില്ല കലക്ടർ മുമ്പാകെ വിശദീകരണം നൽകണം. ഇതനുസരിച്ച് ഏപ്രിൽ അഞ്ചിന് കലക്‌ടർ റിപ്പോർട്ട് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.