കിഴക്കമ്പലം: കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ കന്നുകാലികൾക്ക് കുളമ്പുരോഗം വ്യാപകം. കിഴക്കമ്പലം പഞ്ചായത്തിലെ പഴങ്ങനാട്, പുക്കാട്ടുപടി, താമരച്ചാൽ, ഊരക്കാട് ഭാഗങ്ങളിലും കുന്നത്തുനാട് പഞ്ചായത്തിലെ പട്ടിമറ്റം, ചെങ്ങര ഭാഗത്തുമാണ് രോഗബാധ.
രോഗത്തെത്തുടർന്ന് ചെങ്ങരയിൽ ക്ഷീര കർഷകന്റെ കാളക്കിടാവ് ചത്തു. രോഗം വ്യാപകമായതോടെ കർഷകർ ആശങ്കയിലാണ്. എന്നാൽ, രോഗവ്യാപനം തടയുന്നതിന് അടിയന്തര കുത്തിവെപ്പ് ആരംഭിച്ചതായും ക്ഷീരകർഷകർ ജാഗ്രത പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. രോഗപ്രഭവ സ്ഥാനങ്ങളിലുള്ള കന്നുകാലികളുടെ വ്യാപാരം നിർത്തിവെച്ചിട്ടുണ്ട്.
കന്നുകാലികളെ പരിപാലിക്കുംമുമ്പ് കർഷകർ കൈകാലുകൾ അണുനാശിനി ഉപയോഗിച്ച് കഴുകണം. പത്തു ശതമാനം വീര്യമുള്ള അലക്കുകാര ലായനി ഉപയോഗിച്ച് കുളമ്പ്, തൊഴുത്ത് എന്നിവ അണു വിമുക്തമാക്കണം. വെളിയിൽനിന്നുള്ള കർഷകരെ തൊഴുത്തിൽ കയറുന്നതിൽനിന്ന് വിലക്കണം.
കുളമ്പുരോഗം പിടിപെട്ട പശുക്കളുടെ പാൽ തിളപ്പിച്ച് ഉപയോഗിക്കുന്നതിൽ ആശങ്ക ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു. പനി, തീറ്റയെടുക്കാൻ മടി, വായിലും കുളമ്പിലും കുരുക്കൾ, ഉമിനീർ തുടർച്ചയായി പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കൽ, പാൽ തീരെ കുറയുക എന്നീ ലക്ഷണങ്ങളാണ് കുളമ്പ് രോഗത്തിന് പൊതുവേയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.