കൊച്ചി: നാൾക്കുനാൾ ഉയരുന്ന ഡീസൽ വിലയിലും കണ്ടെയ്നർ വരവിലെ കുറവിലും പിടിച്ചുനിൽക്കാനാകാതെ കൊച്ചിയിലെ കണ്ടെയ്നർ ലോറികൾ കട്ടപ്പുറത്തേക്ക്. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽനിന്ന് സംസ്ഥാനത്തിന് അകത്തും പുറത്തുമായി സർവിസ് നടത്തുന്ന 2500ലേറെ കണ്ടെയ്നർ ട്രെയിലറുകളിൽ 70 ശതമാനവും ഓട്ടം നിർത്തി. ലോറി ഡ്രൈവർമാരും ജീവനക്കാരും അടക്കം 10,000ത്തിലേറെ പേരുടെ ഉപജീവന മാർഗമാണ് വഴിമുട്ടിയത്.''2016ൽ ഡീസൽ ലിറ്ററിന് 65 രൂപ വിലയുണ്ടായിരുന്നപ്പോൾ ലഭിച്ച ലോറി വാടക പോലും ഇപ്പോൾ കിട്ടുന്നില്ല. ഡീസൽ വില 71 രൂപ പിന്നിട്ടപ്പോൾ തന്നെ വാടക ഉയർത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. അഞ്ച് ശതമാനം വരെ ചിലർ വാടക കൂട്ടി തന്നെങ്കിലും ഭൂരിഭാഗം പേരും അഭ്യർഥന ചെവിക്കൊണ്ടില്ല. ഇന്ന് ഡീസൽ വില 98 രൂപയായതോടെ ഏത് നിമിഷവും വല്ലാർപാടത്തെ കണ്ടെയ്നർ ലോറികളുടെ ഓട്ടം നിലക്കുന്ന അവസ്ഥയാണ്'' -കൊച്ചിൻ കണ്ടെയ്നർ കാരിയർ ഓണേഴ്സ് വെൽെഫയർ അസോസിയേഷൻ സെക്രട്ടറി ടോമി തോമസ് പറഞ്ഞു.
20 അടി, 40 അടി എന്നിങ്ങനെ നീളമുള്ള കണ്ടെയ്നർ വഹിക്കാൻ ശേഷിയുള്ളതാണ് ട്രെയിലറുകൾ. 10 ട്രെയ്ലറുകൾ ഉള്ളവരുടെ ഒന്നോ രണ്ടോ മാത്രമാണ് ഓടുന്നത്. ഡ്രൈവർമാരെ കുറച്ച് ഉടമകൾ തന്നെ വണ്ടിയോടിക്കുകയാണ് മിക്കതിലും. വല്ലാർപാടത്തെ മൂന്ന് പാർക്കിങ് യാർഡുകളിലും കണ്ടെയ്നർ റോഡിെൻറ വശങ്ങളിലുമായി വണ്ടികൾ എന്നന്നേക്കുമായി നിർത്തിയിട്ട അവസ്ഥയാണ്. ഭൂരിപക്ഷം ഡ്രൈവർമാരും ജീവനക്കാരും കൊച്ചി വിട്ടു. പുതിയ സംസ്ഥാന സർക്കാർ അധികാരമേറ്റശേഷം ബസുകൾക്കും മറ്റും ആഗസ്റ്റ് 31 വരെ ടാക്സ് അടക്കാൻ സമയം നീട്ടി നൽകിയപ്പോൾ ലോറി ഉടമകൾക്ക് ഇളവ് നൽകിയിരുന്നില്ല.
2020ലെ ലോക്ഡൗൺ നാളുകളിൽ വല്ലാർപാടം ടെർമിനലിൽ വൻതോതിൽ അരി, ഗോതമ്പ്, ധാന്യങ്ങൾ, ടൈൽ, സിമൻറ് എന്നിവയൊക്കെ എത്തിയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിൽ കണ്ടെയ്നർ വരവിൽ വലിയ ഇടിവുണ്ടായി. ഗുജറാത്തിൽനിന്നാണ് പ്രധാനമായും കപ്പൽ ലോഡ് എത്തുന്നത്. ഇക്കുറി ഗുജറാത്തിലെ ഫാക്ടറികളിൽ ജോലിചെയ്തിരുന്ന അന്തർസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്താതെ വന്നതോടെ അവിടങ്ങളിൽ ഉൽപാദനം നിലച്ചു. തമിഴ്നാട്ടിലെ ഗോതമ്പുമില്ലുകളിലും തൊഴിലാളികളുടെ അഭാവം പ്രവർത്തനത്തെ ബാധിച്ചു.
''ഡീസലിന് 30 രൂപ വരെ കൂടുന്നതിന് മുമ്പത്തെ വാടകയാണ് ഇപ്പോഴും. അന്ന് പ്രവർത്തന ചെലവിെൻറ പരമാവധി 40 ശതമാനമാണ് ഇന്ധന ചെലവെങ്കിൽ ഇന്ന് അത് 50 ശതമാനത്തിലും മുകളിലായി. 10,000 രൂപയുടെ ഓട്ടം പോയാൽ 5500 രൂപ ഡീസലിന് മാത്രം ചെലവു വരും. ഇതിനൊപ്പം 18 ശതമാനം ഡ്രൈവർ ബാറ്റ നൽകണം. വണ്ടിയുടെ ഇൻഷുറൻസ്, ടാക്സ്, അറ്റകുറ്റപ്പണി എന്നിവക്ക് ഓരോ കിലോമീറ്ററിനും നാലുരൂപയെങ്കിലും മാറ്റിവെക്കണം. ആർ.ടി.ഒ, ടോൾ, ഇ.എം.ഐ എന്നിവയെല്ലാം കഴിഞ്ഞാൽ വാഹനമുടമക്ക് ഒരുഓട്ടത്തിൽ നിന്ന് കിട്ടുന്നത് 500 രൂപയിൽ താഴെ മാത്രമാകും'' -വിങ്സ് ലോജിസ്റ്റിക്സ് ഉടമയും ഐലൻഡ് കണ്ടെയ്നർ കാരിയേഴ്സ് ഓണേഴ്സ് വെൽെഫയർ അസോസിയേഷൻ വൈസ് പ്രസിഡൻറുമായ വി. രതീഷ് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നൂറുകണക്കിന് പേർക്ക് ഉപജീവനമാർഗം അടഞ്ഞുപോകുമെന്ന ആശങ്കയാണ് മേഖലയിൽ. കോവിഡ് രണ്ടാം വ്യാപനത്തിന് മുമ്പ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റെക്കോഡ് കണ്ടെയ്നർ നീക്കം വല്ലാർപാടത്ത് നടന്നിരുന്നു. ചൈനയിൽ നിന്നടക്കം വൻതോതിൽ കണ്ടെയ്നർ ലോഡുകൾ എത്തി. ശരാശരി മാസം 60,000 കണ്ടെയ്നറുകളാണ് കൈകാര്യംചെയ്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.