കാക്കനാട്: ഭിന്നശേഷി, വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്കി ജില്ല പഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. 173.87 കോടി വരവും 169.53 കോടി ചെലവും 4.34 കോടി നീക്കിയിരിപ്പുമുള്ള ബജറ്റാണ് പ്രസിഡന്റ് മനോജ് മൂത്തേടന് നടത്തിയ നയപ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വൈസ് പ്രസിഡന്റ് സനിത റഹീം അവതരിപ്പിച്ചത്.
മൂന്ന് വര്‍ഷവും നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി എല്ലാ മേഖലക്കും ഊന്നൽ നൽകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് മനോജ് മൂത്തേടന് പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ റാണിക്കുട്ടി ജോര്‍ജ്, എം.ജെ. ജോമി, ആശ സനില്‍, കെ.ജി. ഡോണോ, സെക്രട്ടറി പി.എസ്. ഷിനോ തുടങ്ങിയവർ സംബന്ധിച്ചു.
ചെറുധാന്യ കൃഷിക്ക് പ്രോത്സാഹനം നല്കി പദ്ധതികള്‍ നടപ്പാക്കും. കൃഷിക്ക് ധനസഹായം നല്‍കുന്നതിനൊപ്പം ഇവയില്‍നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങള് നിർമിക്കുന്ന സംരംഭങ്ങള്‍ക്കും സഹായം നല്‍കും. ജില്ല പഞ്ചായത്ത് ബ്രാൻഡില്‍ വിപണനം ചെയ്യാനുള്ള കിയോസ്ക്കുകൾ സ്ഥാപിക്കും. കൃഷിക്കും വിപണനത്തിനും 30 ലക്ഷം വകയിരുത്തി. രാമച്ചത്തിന്റെ വ്യാവസായിക സാധ്യതകള്‍ ഉപയോഗപ്പെടുത്താൻ 10 ലക്ഷം വകയിരുത്തി. കൃഷിപാഠം എന്ന പേരില്‍ സ്കൂളുകളില്‍ ഫലവൃക്ഷത്തോട്ടം ഒരുക്കാൻ 8.2 ലക്ഷം വകയിരുത്തി.
ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാൻ പദ്ധതികള്‍ രൂപവത്കരിച്ചു.
മീഡിയ അക്കാദമിയുടെ സഹായത്തോടെ പരിശീലന പരിപാടി സംഘടിപ്പിക്കും. ഇതിന് 10 ലക്ഷം വകയിരുത്തി. ഗ്രാമരഥം എന്ന പേരില്‍ ഇ-റിക്ഷകള്‍ നിരത്തിലിറക്കും.
ചേന്ദമംഗലത്തിന് പുറമെ, ഐരാപുരം, ശ്രീമൂലനഗരം, കുന്നുകര ഭാഗങ്ങളിലെയും കൈത്തറി വ്യവസായത്തിന് പ്രാധാന്യം നല്‍കും. ഡൈ ഹൗസ് ആരംഭിക്കാൻ 20 ലക്ഷം വകയിരുത്തി. ആലകളുടെ ആധുനീകരണത്തിനും നവീകരണത്തിനും 10 ലക്ഷം.
കൂവപ്പടിയിലെ എജുക്കേഷന്‍ ട്രെയിനിങ് സെന്റര്‍ പുതുക്കിപ്പണിത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ റെസിഡന്‍ഷ്യല്‍ ട്രെയിനിങ് സെന്ററാക്കാനുള്ള പദ്ധതിക്ക് രണ്ടുകോടി വകയിരുത്തി. പുനരുപയോഗപ്രദമായ പാത്രങ്ങള്‍, ടംബ്ലറുകള്‍ എന്നിവ വാടകക്ക് നല്കുന്ന വനിത സംരംഭക പദ്ധതിക്ക് 10 ലക്ഷം.
രുചിക്കൂട്ട് റെഡി ടു ഈറ്റ് ആൻഡ് കുക്ക് സംരംഭം, വിധവകളായ സ്ത്രീകള്‍ക്ക് തൊഴില്‍സംരംഭം, രുചികരവും സുരക്ഷിതമായി ഭക്ഷണം ഓഫിസുകളില്‍ എത്തിച്ചുനല്‍കുന്ന ടിഫിന്‍ വാല പദ്ധതി എന്നിവ നടപ്പാക്കും. പെണ്ണെഴുത്ത് പദ്ധതിയില്‍ സ്ത്രീകളുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരം പുറത്തിറക്കും.
ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് നിലവിലെ മാര്‍ക്കറ്റുകളെ നൈറ്റ് മാര്‍ക്കറ്റുകളായി പരിവര്‍ത്തനം ചെയ്യാൻ 25 ലക്ഷവും മുളവുകാട് പഞ്ചായത്തില്‍ ഒഴുകുന്ന മാര്‍ക്കറ്റ് (ഫ്ലോട്ടിങ് മാര്‍ക്കറ്റ്) പദ്ധതിക്ക് 15 ലക്ഷവും മാറ്റിവെച്ചു. അനിമല്‍ ഫാം നിർമിക്കും. തീരസുരക്ഷ, തീരപ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് 25 ലക്ഷം. ഏഴിക്കര ഫിഷ് ലാന്‍ഡിങ് സെന്റര്‍ പുനരുദ്ധാരണത്തിന് ഒരുകോടി പ്രഖ്യാപിച്ചു.
ഗാന്ധിജിയുടെ ദര്‍ശനങ്ങൾ വിദ്യാര്‍ഥികളിലെത്തിക്കാൻ ഗാന്ധിസ്മൃതി പദ്ധതിക്ക് 30 ലക്ഷം. ജില്ല പഞ്ചായത്ത് നിയന്ത്രണത്തിലുള്ള സ്കൂളുകളില്‍ ശാസ്ത്രഗവേഷണത്തിന് പിന്തുണ നല്കുന്ന ശാസ്ത്രപഥം പദ്ധതിക്ക് 10 ലക്ഷം. സമർഥരായ വിദ്യാര്‍ഥികള്‍ക്ക് ചരിത്രസ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കാൻ അവസരമൊരുക്കുന്ന വേരുകള്‍ തേടി പദ്ധതിക്ക് 20 ലക്ഷവും സ്കൂളുകളില്‍ ശാസ്ത്രമ്യൂസിയം സ്ഥാപിക്കാൻ 20 ലക്ഷവും വകയിരുത്തി.
സ്കൂളുകളില്‍ സ്മാര്‍ട്ട് ലാബ്, അക്വാ ക്ലബ്, അലങ്കാരമത്സ്യ കൃഷി, സ്കൂള്‍ സമയത്ത് കുട്ടികള്‍ പുറത്തിറങ്ങുന്നത് തടയാൻ കോലുമിഠായി എന്ന പേരില്‍ സ്വീറ്റ് സെന്റര്‍, പുസ്തകവണ്ടി - സഞ്ചരിക്കുന്ന പുസ്തകശാല, അക്ഷരജ്യോതി - വായന വാരാഘോഷം, വിദ്യാലയങ്ങള്‍ക്ക് സ്പോര്‍ട്സ് കിറ്റ് വിതരണം, വിദ്യാലയങ്ങളില്‍ പാലിയേറ്റിവ് ക്ലബ് തുടങ്ങിയ പദ്ധതികളും നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.