കരുമാല്ലൂർ: വ്യാഴാഴ്ച മറിയപ്പടിയിൽ ശുദ്ധജല വിതരണ പൈപ്പ് ലൈൻ തകർന്നതോടെ വെള്ളിയാഴ്ച കരുമാല്ലൂർ, പറവൂർ മേഖലകളിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടു. പറവൂർ നഗരസഭ പ്രദേശങ്ങളിലും കരുമാല്ലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും മാളികംപീടിക, കോട്ടപ്പുറം പ്രദേശങ്ങളിലും വെള്ളിയാഴ്ചയും കുടിവെള്ള വിതരണം തടസ്സപ്പെട്ടു.
ഇത് ജനങ്ങളെ ഏറെ ബാധിച്ചു. ആലുവ -പറവൂർ റോഡിൽ മറിയപ്പടിയിലാണ് വ്യാഴാഴ്ച പുലർച്ചെയാണ് 500 ചതുരശ്ര വിസ്തൃതിയിലുള്ള പൈപ്പ് ലൈൻ തകർന്നത്. വർഷങ്ങൾ പഴക്കമുള്ള കാസ്റ്റിങ് അയേൺ പൈപ്പ് ലൈൻ ആണ് തകർന്നത്. ഏകദേശം അഞ്ച് മീറ്റർ നീളമുള്ള പൈപ്പ് നെടുകെ പിളർന്ന നിലയിലായിരുന്നു. ചൊവ്വരയിൽനിന്ന് പറവൂർ നഗരസഭ പ്രദേശങ്ങളിലേക്ക് വെള്ളമെത്തുന്ന പൈപ്പ് ലൈനാണിത്. പൈപ്പ് തകർന്നതോടെ റോഡിലേക്കും സമീപത്തെ ഐക്കരക്കുടി അബ്ദുല്ലയുടെ വീട്ടിലേക്കും വെള്ളം ഇരച്ചുകയറിയിരുന്നു. വീടിന്റെ കാർ പോർച്ചിലും സിറ്റൗട്ടിലും വെള്ളം കയറിയ നിലയിലായിരുന്നു.
വീടിന് ചുറ്റും വെള്ളം കയറിയതോടെ വീട്ടുകാർക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. മുപ്പത്തടത്ത്നിന്ന് കരുമാല്ലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തുന്ന പുതിയ പൈപ്പ് ലൈനും ഇതിന് സമീപത്തുണ്ടായിരുന്നു. യു.സി കോളജിന് സമീപത്തുള്ള വാൽവ് വഴിയാണ് ഇരു പൈപ്പ് ലൈനുകളിലൂടെയുള്ള ജലവിതരണം ക്രമീകരിക്കുന്നത്.
പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണികൾ വ്യാഴാഴ്ച തന്നെ ആരംഭിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊട്ടിയ പൈപ്പ് പുറത്തെടുത്തു. നിലവിലെ കാസ്റ്റിങ് അയേൺ പൈപ്പ് ലഭ്യമാകാത്തതിനാൽ ഡി.ഐ പൈപ്പ് എത്തിച്ചാണ് അറ്റകുറ്റപ്പണികൾ തുടരുന്നത്. പൊട്ടിയ പൈപ്പ് പുറത്തെടുത്ത ശേഷം ഡി.ഐ പൈപ്പിന്റെ ഇരുഭാഗത്തും മൈക്രോ കോളറുകൾ സ്ഥാപിച്ചാണ് പുനഃസ്ഥാപിച്ചത്.
വെള്ളിയാഴ്ച രാത്രിയോടെ മാത്രമേ ജോലികൾ പൂർത്തിയാക്കാനാകൂ. അതേസമയം വെള്ളിയാഴ്ച രാത്രിയോടെ ഭാഗികമായി പമ്പിങ് പുനരാരംഭിക്കാൻ കഴിയുമെന്ന് ജലഅതോറിറ്റി അധികൃതർ അറിയിച്ചു. ശനിയാഴ്ച രാവിലെ മുതൽ ജലവിതരണം പൂർണമായും പുനഃസ്ഥാപിക്കാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.