മട്ടാഞ്ചേരി: കണ്ടെയ്ൻമെൻറ് സോണുകളിൽ റേഷൻ വിതരണത്തിന് ഇ-പോസ് സമ്പ്രദായത്തിന് പകരം മാനുവലായി സംവിധാനം വേണമെന്ന ഭക്ഷ്യവകുപ്പിെൻറ ഉത്തരവ് നടപ്പാക്കുന്നതിൽ അധികൃതർ കാണിക്കുന്ന അലംഭാവംമൂലം കൊച്ചിയിൽ ഇതുവരെ അടച്ചത് അഞ്ച് റേഷൻ കടകൾ. ഇതിൽ രണ്ടെണ്ണം അടുത്തിടെ തുറന്നെങ്കിലും മൂന്നെണ്ണം അടഞ്ഞുകിടക്കുകയാണ്. റേഷൻ വാങ്ങാനെത്തിയയാൾക്ക് കോവിഡ് പോസിറ്റിവായതിനെത്തുടർന്ന് ആദ്യം അടച്ചത് പള്ളുരുത്തിയിലെ റേഷൻ കടയാണ്. നിരീക്ഷണ കാലാവധിക്ക് ശേഷം ഈ കട തുറന്നു. റേഷൻ വാങ്ങാനെത്തിയയാൾക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഒന്നാംനമ്പർ കട അടച്ചിടേണ്ടിവന്നു. നിരീക്ഷണ കാലാവധിക്കുശേഷം ഈ കടയും തുറന്നു.
ഫോർട്ട്കൊച്ചിയിലെ എ.ആർ.ഡി 36ലെ വ്യാപാരിയും നിരീക്ഷണത്തിലായതിനാൽ കട തുറന്നിട്ടില്ല. ഇവിടത്തെ ഓണക്കിറ്റ് വിതരണം സമീപത്തെ മറ്റ് കടകളിലേക്ക് മാറ്റി. എ.ആർ.ഡി 55ൽ നടത്തിപ്പുകാരൻ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഈ കടയും അടച്ചു. എ.ആർ.ഡി 14ലെ ജീവനക്കാരിക്ക് പോസിറ്റിവായതിനെത്തുടർന്ന് ഈ കടയും തുറന്നിട്ടില്ല. ഇത്തരത്തിൽ കണ്ടയ്മെൻറ് സോണുകളിൽ റേഷൻ വിതരണരീതിക്ക് മാറ്റം വരുത്താൻ അധികൃതർ തയാറാകാത്തത് മൂലം വ്യാപാരികൾക്ക് മാത്രമല്ല റേഷൻ വാങ്ങാനെത്തുന്ന കാർഡ് ഉടമകൾക്കും ഭീഷണിയാണ്.
ഇ-പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ച് റേഷൻ വാങ്ങുന്ന രീതിക്ക് പകരം കണ്ടെയ്ൻമെൻറ് സോണിൽ സാധാരണപോലെ റേഷൻ വിതരണത്തിന് അനുമതി നൽകണമെന്ന് വ്യാപാരികൾ നിരന്തരം ആവശ്യപ്പെടുകയാണ്. അധികൃതരുടെ ഇത്തരം നിലപാടുകൾ രോഗവ്യാപനത്തിന് കാരണമാകുമെന്നും ഇവർ പറയുന്നു.അതേസമയം സൗജന്യ ഓണക്കിറ്റ് വാങ്ങാനെത്തുന്നവരുടെ തിരക്കും രോഗവ്യാപനത്തിന് ഇടയാക്കുമോയെന്ന ആശങ്കയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.