കാക്കനാട്: സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പാക്കുന്ന ഫ്ലാഗ്ഷിപ് പദ്ധതിയായ ‘ഡിജി കേരളം - സമ്പൂർണ ഡിജിറ്റൽ സാക്ഷരത’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി പൊതുജന പങ്കാളിത്തത്തോടെ ഡിജി കേരളം പദ്ധതി പൂർത്തിയാക്കി. ജില്ല പഞ്ചായത്ത് പ്രസിഡന്റും പദ്ധതിയുടെ ചെയർമാനുമായ മനോജ് മൂത്തേടൻ ജില്ലയെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത ജില്ലയായി പ്രഖ്യാപിച്ചു. കലക്ടറും പദ്ധതിയുടെ കോ-ചെയർമാനുമായ എൻ.എസ്.കെ. ഉമേഷ് അധ്യക്ഷത വഹിച്ചു.
സർക്കാർ മാർഗരേഖ പ്രകാരമുള്ള സംഘാടകസമിതി ജില്ലതലത്തിലും എം.എൽ.എമാർ അധ്യക്ഷരായി നിയോജകമണ്ഡലം തലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും വാർഡ് തലത്തിലും പ്രവർത്തനങ്ങൾ മോണിട്ടറിങ് നടത്തിയതിലൂടെയാണ് ജില്ലക്ക് നേട്ടം കൈവരിക്കാനായത്. ജില്ലയിലെ 8,36,648 കുടുംബങ്ങളിൽ സർവേ നടത്തിയതിൽ 1,92,883 പേരെ ഡിജിറ്റൽ നിരക്ഷരരായി കണ്ടെത്തുകയും അവരെ വിവിധ സന്നദ്ധ സംഘടനകൾ, കോളജുകൾ, കുടുംബശ്രീ, സാക്ഷരത മിഷൻ തുടങ്ങിയ മേഖലകളിലെ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പരിശീലനം നൽകി ഡിജിറ്റൽ സാക്ഷരരാക്കുകയുമായിരുന്നു.
ജില്ലയിൽ ഏറ്റവും കൂടുതൽ സർവേ നടത്തിയത് കൊച്ചിൻ കോർപറേഷനാണ് -1,47,392 പേർ. ഏറ്റവും കൂടുതൽ പഠിതാക്കളും കോർപറേഷനിൽനിന്നുതന്നെ -11,958 പേർ. മുനിസിപ്പാലിറ്റി തലത്തിൽ കൂടുതൽ സർവേ നടത്തിയത് തൃപ്പൂണിത്തുറയാണ് -24,438 പേർ.
മുനിസിപ്പാലിറ്റി തലത്തിൽ കൂടുതൽ പഠിതാക്കൾ കളമശ്ശേരി നഗരസഭയിലായിരുന്നു -5938 പേർ. ഗ്രാമപഞ്ചായത്ത് തലത്തിൽ കൂടുതൽ സർവേ നടത്തിയത് എടത്തല ഗ്രാമപഞ്ചായത്താണ് -15,270 പേർ. ഈ പഞ്ചായത്തിൽ തന്നെയാണ് കൂടുതൽ പഠിതാക്കളും -7309 പേർ. ആഗസ്റ്റ് 14ന് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ നഗരസഭയായി മൂവാറ്റുപുഴയെയും ആദ്യ പഞ്ചായത്തായി ആയവനയെയും പ്രഖ്യാപിച്ചിരുന്നു. സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യ നിയോജകമണ്ഡലം മൂവാറ്റുപുഴയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.