കാക്കനാട്: തുതിയൂർ കാളച്ചാൽ തോടിനു സമീപം വൻതോതിൽ മാലിന്യം തള്ളുന്നത് പതിവാക്കിയ ലോറി ഉടമയെയും ഡ്രൈവറെയും തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം പിടികൂടി.
ലോറി ഉടമ മാറമ്പിള്ളി സ്വദേശി സക്കീർ, ഡ്രൈവർ വാഴക്കാല സ്വദേശി ഫൈസൽ എന്നിവരെ തൃക്കാക്കര പൊലീസിന് കൈമാറി. ഒക്ടോബറിൽ ഇതേ ലോറിയിൽ ഇവിടെ മാലിന്യം തള്ളിയതിന് ആരോഗ്യ വിഭാഗം പിടികൂടി ഒന്നര ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. പിഴയൊടുക്കാൻ തയാറാകാതെ വീണ്ടും വൻതോതിൽ പ്ലാസ്റ്റിക് മാലിന്യവുമായെത്തിയപ്പോൾ വാഹനം ഉൾപ്പെടെ പിടികൂടുകയായിരുന്നു.
വാഹനത്തിന്റെ നമ്പർ തിരിച്ചറിയാതിരിക്കാൻ ചളി തേച്ച് നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. പെരുമ്പാവൂർ മാറമ്പിള്ളി ഭാഗത്തുനിന്നുള്ള സ്വകാര്യ കമ്പനികളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ലക്ഷങ്ങൾക്ക് കരാർ എടുത്തവർ സ്ഥിരമായി തുതിയൂർ കാളച്ചാൽ തോടിന് സമീപം മാലിന്യം തള്ളുന്നത് പതിവാക്കുകയാണ്.
നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ സത്താർ, താരിഫ് ഇബ്രാഹിം, അമൽ തോമസ്, ജെന്നി ജോസ്, സബീന എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.