അവധി നൽകിയത് രാവിലെ എട്ടരക്ക്, വിവാദമായപ്പോൾ 'തുറന്ന സ്കൂളുകൾ അടക്കേണ്ടതില്ലെന്ന്'; കലക്ടറുടെ തീരുമാനത്തിനെതിരെ വ്യാപക രോഷം

കൊച്ചി: രാവിലെ എട്ടര മണിക്ക് ഫേസ്ബുക്കിലൂടെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നു, വിമർശനം ഉയർന്നപ്പോൾ സ്കൂളിലെത്തിയവരെ തിരിച്ചയക്കേണ്ടതില്ലെന്ന് 9.09ന് തിരുത്തൽ പോസ്റ്റ് ഇടുന്നു... എറണാകുളം കലക്ടർ രേണുരാജാണ് കുട്ടികളെയും രക്ഷിതാക്കളെയും വട്ടം കറക്കി അവധി പ്രഖ്യാപനം നടത്തിയത്.

'വ്യാപകമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (04/08/22) അവധിയായിരിക്കും' എന്നായിരുന്നു വ്യാഴാഴ്ച രാവിലെ എട്ടരക്ക് കലക്ടറുടെ പ്രഖ്യാപനം. എന്നാൽ, കുട്ടികളൊക്കെ സ്കൂളിലേക്ക് പോയ ശേഷം ഉള്ള ഈ പ്രഖ്യാപനം കടുത്ത എതിർപ്പിനിടയാക്കി.

ഇതോടെ 9.09ന് പുതിയ പോസ്റ്റുമായി കലക്ടർ രംഗത്തെത്തി. ''രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു' എന്നായിരുന്നു പുതിയ അറിയിപ്പ്. ആദ്യം പോസ്റ്റ് ചെയ്ത അവധി പ്രഖ്യാപനത്തിലും ഇത് പിന്നീട് കൂട്ടിച്ചേർത്തു.

'കുട്ടികൾ വീട്ടിൽ നിന്നും സ്‌കൂളിലെത്തിയപ്പോൾ അവധി പ്രഖ്യാപിച്ചു. അങ്ങനെ സ്‌കൂളിൽനിന്നും വീട്ടിലേക്ക് തിരിച്ചപ്പോൾ ദാ കലക്ടർ പറയുന്നു സ്‌കൂളിലെത്തിയവർ തിരിച്ച് പോകേണ്ടന്ന്... കുട്ടികൾക്ക് പഠിച്ച് കലക്ടറാകണമെന്നുള്ള വലിയൊരു സ്വപ്നം ഇങ്ങനെ തകർത്ത് കളയരുതേ കലക്ടറെ' എന്നായിരുന്നു ഒരാളുടെ പ്രതികരണം. ഒരുമണിക്കൂറിനകം 3,000 ഓളം കമന്റുകളാണ് ഈ പോസ്റ്റിന് കീഴിൽ വന്നത്.

'നിങ്ങൾ എവിടെയെങ്കിലും ഉറച്ചു നിൽക്കൂ... മഴ നിങ്ങൾ പോസ്റ്റ്‌ ഇടുന്നതിനു തൊട്ട് മുൻപല്ല പെയ്തു തുടങ്ങിയത്. രാവിലെ മുതൽ നല്ല മഴയുണ്ട്. ഒന്നെങ്കിൽ മാധ്യമങ്ങളിലൂടെ അതിരാവിലെ അവധി അറിയിക്കാൻ നോക്കണം. അല്ലാതെ കുട്ടികളെ സ്‌കൂളിലേക്ക് അയച്ചതിനു ശേഷമല്ല പ്രഖ്യാപിക്കേണ്ടത്. ഇപ്പോൾ പറയുന്നു തുറന്ന സ്കൂളുകൾക്ക് പ്രവർത്തിക്കാമെന്ന്... കഷ്ടം!' എന്നായിരുന്നു ഒരാളുടെ കമന്റ്.

'സ്വന്തം മക്കളെ സ്‌കൂളിൽ വിടാനും വിടാതിരിക്കാനുമുള്ള തീരുമാനം parents നും എടുക്കാവുന്നതല്ലേ ഉള്ളൂ..?? കനത്ത മഴയാണ് എന്നത് കലക്ടർ പറഞ്ഞിട്ട് വേണ്ടല്ലോ അറിയുവാൻ..!! അവര് അവധി പ്രഖ്യാപിക്കാൻ താമസിച്ചു എന്നത് നേര്..!! എന്നു വച്ചു, മക്കളുടെ സുരക്ഷ അവരുടെ മാത്രം ഉത്തരവാദിത്തം ആണെന്ന മട്ടിൽ പ്രതികരിക്കുന്നതിനോട് വിയോജിക്കുന്നു..!!' എന്ന രീതിയിലും കമന്റുകൾ ഉണ്ട്. 

Tags:    
News Summary - Holiday announced at 8.30 am; widespread anger against the Collector's decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.